Quantcast

ഡൽഹിയിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് ഹിന്ദു, മുസ്‌ലിം സമുദായങ്ങൾ 

ഘോഷയാത്രയും ചടങ്ങുകളും സമാധാനപൂർണമായിരുന്നുവെങ്കിലും വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിൻ വർഗീയ പരാമർശങ്ങളടങ്ങിയ പ്രസംഗം നടത്തി  

MediaOne Logo

Web Desk

  • Published:

    10 July 2019 1:02 PM IST

ഡൽഹിയിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് ഹിന്ദു, മുസ്‌ലിം സമുദായങ്ങൾ 
X

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ച് ഹിന്ദു, മുസ്‌ലിം സമുദായങ്ങൾ. ഡൽഹി ചാന്ദ്‌നിചൗക്കിലെ ഹൗസ്ഖാസിയിൽ ഹൈന്ദവ ക്ഷേത്രം ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇരു വിഭാഗങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമാധാന കമ്മിറ്റിയും പൊതുജനങ്ങളും ചേർന്ന് പരിഹരിച്ചത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ പുനഃപ്രതിഷ്ഠിക്കുന്ന ചടങ്ങിൽ ഇരുവിഭാഗങ്ങളും കൈകോർത്തതോടെ മുതലെടുപ്പ് നടത്താനുള്ള വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.

ജൂൺ മുപ്പതിനാണ് ഹൗസ്ഖാസിയിൽ വാഹന പാർക്കിംഗ് സംബന്ധിച്ച് രണ്ട് വ്യക്തികൾ തമ്മിലുണ്ടായ തർക്കം വർഗീയ സംഘർഷമായ വളർന്നത്. ജൂൺ ഒന്നിന് പ്രദേശത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കു നേരെ ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 17 പേര ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഹൗസ് ഖാസി സമാധാന കമ്മിറ്റിക്ക് നേതൃത്വം നൽകിയ ജംഷദ് അലി സിദ്ദീഖിയും താരാചന്ദ് സക്‌സേനയും

പ്രദേശത്ത് കാലങ്ങളായി ഐക്യത്തോടെ കഴിഞ്ഞുവരുന്ന ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഈ സംഭവത്തോടെയുണ്ടായ അകൽച്ച മുതലെടുക്കാൻ ചില വർഗീയ ശക്തികൾ മുന്നിട്ടിറങ്ങി. എന്നാൽ ഡൽഹി പൊലീസിന്റെ സഹായത്തോടെ സമാധാന കമ്മിറ്റിയുണ്ടാക്കി പ്രദേശവാസികൾ തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമമാരംഭിച്ചു. ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിൽ മുസ്‌ലിം സമുദായ നേതൃത്വം മാപ്പുപറയുകയും കേടുപാടുകൾ തീർക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ സംഘർഷാവസ്ഥ ലഘൂകരിക്കപ്പെട്ടതോടെ ചൊവ്വാഴ്ച വിഗ്രഹങ്ങളുടെ പുനഃപ്രതിഷ്ഠ നടന്നു. പ്രതിഷ്ഠയുടെ ഭാഗമായി സമാധാന കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്രയിൽ മുസ്‌ലിം കലാകാരന്മാർ ഷെയ്‌നായ് വായിക്കുകയും ഹിന്ദു കലാകാരന്മാർ ധോൽ മുട്ടുകയും ചെയ്തു.

പുനഃപ്രതിഷ്ഠാ ചടങ്ങിനിടെ ഭക്ഷണം വിതരണം ചെയ്യുന്ന മുസ്ലിം സമുദായാംഗങ്ങൾ

പുനഃപ്രതിഷ്ഠാ ചടങ്ങിനെത്തിയവർക്ക് മുസ്‌ലിം സമുദായാംഗങ്ങൾ ഭക്ഷണം വിതരണം ചെയ്തു. പ്രദേശത്തുള്ളവർ ഐക്യത്തോടെയാണ് കഴിഞ്ഞുവരുന്നതെന്നും മതഭേദമില്ലാതെ ഹോളിയും ദീപാവലിയും ബക്രീദും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്നും സമാധാന കമ്മിറ്റി അംഗം താരാചന്ദ് സക്‌സേന പറഞ്ഞു. പുനഃപ്രതിഷ്ഠക്ക് മുസ്ലിംകൾ സഹായം ചെയ്യുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്തതായി പ്രദേശവാസിയായ മുഹമ്മദ് ഖാലിദിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസിന്റെയും സി.ആർ.പി.എഫിന്റെയും കനത്ത സുരക്ഷയിലാണ് ഘോഷയാത്രയും ചടങ്ങുകളും നടന്നത്. ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഘോഷയാത്രയും ചടങ്ങുകളും സമാധാനപൂർണമായിരുന്നുവെങ്കിലും വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിൻ വർഗീയ പരാമർശങ്ങളടങ്ങിയ പ്രസംഗം നടത്തി.

TAGS :

Next Story