Quantcast

ഇറാനെതിരായ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക

ബുധനാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    11 July 2019 10:03 AM IST

ഇറാനെതിരായ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക
X

ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. ഒബാമ സര്‍ക്കാരിന്‍റെയും ജോണ്‍ കെറിയുടെയും നേതൃത്വത്തിലുണ്ടാക്കിയ 150 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ ഇറാന്‍ ലംഘിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി.

2015ലെ ആണവകരാര്‍ പ്രകാരം അനുവദനീയമായതില്‍ അധികം യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അനുവദനീയ പരിധിയായ 3.67 ശതമാനത്തില്‍ നിന്ന് 4.5 ആയാണ് പരിധി ഉയര്‍ത്തിയത്. ആയുധനിര്‍മാണത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിലേക്കാണ് ഇറാന്‍ നീങ്ങുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ആണവ താത്പര്യങ്ങള്‍ ആയുധ നിര്‍മാണത്തിനല്ലെന്നും ഇന്ധന ആവശ്യങ്ങള്‍ക്കാണെന്നുമാണ് ഇറാന്റെ വാദം.

ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കുകയായിരുന്നു. ആണവ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന പക്ഷം ഇറാനെതിരെ ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാവില്ലെന്നായിരുന്നു 2015ലെ കരാറിലുള്ളത്. എന്നാല്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്ന് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ ഇറാനെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുകയും ചെയ്തു. ഇതോടെ, ഉചിതമായ നടപടികൾ സ്വീകരിക്കാൻ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാൻ 60 ദിവസത്തെ സമയം അനുവദിച്ചു. ഈ സമയം കഴിഞ്ഞതോടെയാണ് യുറേനിയം സമ്പുഷ്ടീകരണ പരിധി ഉയര്‍ത്തുന്നതായി ഇറാന്‍ പ്രഖ്യാപിച്ചത്.

TAGS :

Next Story