Quantcast

കറുത്ത വർഗക്കാരനെ വെടിവെച്ചു കൊന്ന ഓഫീസറെ വെറുതെ വിട്ടു; ഇസ്രയേലിൽ വീണ്ടും എത്യോപ്യൻ പ്രക്ഷോഭം 

കൊലപാതകം നടത്തിയ വ്യക്തിയെ മോചിപ്പിക്കാനുള്ള ജഡ്ജിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് എത്യോപ്യൻ വംശജരുടെ സംഘടന 

MediaOne Logo

Web Desk

  • Published:

    16 July 2019 12:52 PM IST

കറുത്ത വർഗക്കാരനെ വെടിവെച്ചു കൊന്ന ഓഫീസറെ വെറുതെ വിട്ടു; ഇസ്രയേലിൽ വീണ്ടും എത്യോപ്യൻ പ്രക്ഷോഭം 
X

നെസറ്റിനു പുറത്ത് ആഫ്രിക്കൻ വംശജർ നടത്തിയ പ്രക്ഷോഭം 

തെൽ അവീവ്: ദിവസങ്ങളോളം ഇസ്രയേലിനെ മുൾമുനയിൽ നിർത്തിയ എത്യോപ്യൻ വംശജരുടെ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു. ജൂലൈ ഒന്നിന് ഹൈഫ നഗരത്തിൽ സോളമൻ ടെക്ക എന്നയാളെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനുള്ള കോടതി ഉത്തരവോടെയാണ് ഇടയ്ക്ക് അടങ്ങിയിരുന്ന വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. ഇസ്രയേൽ പാർലമെന്റായ നെസറ്റിന്റെ പരിസരത്തു വെച്ച് ഏഴു പേർ അറസ്റ്റ് ചെയ്യപ്പെട്ടു.

ഹൈഫയിൽ ചെറുപ്പക്കാർ തമ്മിലുള്ള അടിപിടി ഒഴിവാക്കാൻ എന്ന പേരിലാണ് ഡ്യൂട്ടിയിൽ അല്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചത്. പിറകുവശത്ത് വെടിയേറ്റ സോളമൻ ടെക്ക തൽക്ഷണം മരിച്ചു. തന്റെ ജീവൻ അപകടത്തിലായതിനാലാണ് തോക്ക് ഉപയോഗിച്ചത് എന്നാണ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്. ഇയാളെ വീട്ടുതടങ്കലിലാക്കി അന്വേഷണം ആരംഭിച്ചിരുന്നു. എത്യോപ്യൻ വംശജരുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന് അവരുടെ ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്ന് പ്രധാനന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അക്രമങ്ങൾക്ക് ശമനമുണ്ടായെങ്കിലും ഇന്നലെ പൊലീസ് ഉദ്യോഗസ്ഥനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത് സ്ഥിതിഗതികൾ വീണ്ടും വഷളാക്കിയിരിക്കുകയാണ്.

കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും മറ്റേതോ ഗ്രഹത്തിലെന്ന പോലെയാണ് എത്യോപ്യൻ വംശജർ ഇസ്രയേലിൽ കഴിയുന്നതെന്നും അസോസിയേഷൻ ഓഫ് എത്യോപ്യൻ ജ്യൂസ് അധ്യക്ഷൻ ഷുല മോല പറഞ്ഞു. കൊലപാതകം നടത്തിയ വ്യക്തിയെ മോചിപ്പിക്കാനുള്ള ജഡ്ജിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂതരാഷ്ട്രമായ ഇസ്രയേലിൽ തങ്ങൾ വിവേചനം നേരിടുന്നുവെന്ന് കറുത്ത വർഗക്കാർ കാലങ്ങളായി പരാതിപ്പെടുന്നതാണ്. രാജ്യം നിലവിൽവന്ന് പതിറ്റാണ്ടുകളോളം ആഫ്രിക്കയിൽ നിന്നുള്ള ജൂതന്മാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 1980-കളുടെ അവസാന ഘട്ടത്തിലാണ് എത്യോപ്യയിലെ ജൂതന്മാർക്ക് പ്രവേശനം അനുവദിച്ചത്. നിലവിൽ 14 ലക്ഷത്തോളമാണ് ഇസ്രയേലിലെ എത്യോപ്യൻ ജൂത ജനസംഖ്യ. ഇതിൽ അരലക്ഷത്തോളമാളുകൾക്ക് ഇസ്രയേലിൽ തന്നെ ജനിച്ചതാണ്. എത്യോപ്യൻ ജൂതന്മാർക്കെതിരെ പൊലീസിലും ഭരണസംവിധാനത്തിലും പൊതുജീവിതത്തിലും വിവേചനം നിലനിൽക്കുന്നുണ്ടെന്ന് 2015-ൽ എത്യോപ്യൻ ജ്യൂസ് എന്ന സംഘടന കണക്കുകൾ നിരത്തി ആരോപിച്ചിരുന്നു.

TAGS :

Next Story