ട്രംപിന്‍റെ ആവശ്യം തള്ളി ഇറാന്‍
അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ആവശ്യം തള്ളി ഇറാന്‍. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആയുധ വില്‍പ്പന അമേരിക്ക അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി ജവാദ് ശരിഫ് വ്യക്തമാക്കി. അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ ആണവ ചര്‍ച്ചകള്‍ക്കുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ക്ഷണത്തെ ഇറാന്‍ പൂര്‍ണമായും തള്ളി.
അത്തരമൊരു ചര്‍ച്ചക്ക് തയ്യാറാകണമെങ്കില്‍ ഗള്‍ഫ് മേഖലയിലെ ആയുധ വില്‍പ്പന അമേരിക്ക അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. സഖ്യകക്ഷികളുമായി ചേര്‍ന്ന് അമേരിക്ക പശ്ചിമേഷ്യയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കെത്തിച്ചിരിക്കുന്നു. തങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കണം. കൂടാതെ കഴിഞ്ഞ വര്‍ഷം പിന്‍മാറിയെ 2015-ലെ ആണവകരാറുമായി അമേരിക്ക സഹകരിക്കണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ട്രംപ് മുന്നോട്ട് വെച്ച പുതിയ ആണവ ചര്‍ച്ചയുമായി സഹകരിക്കാമെന്ന് എന്‍ബിസി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജവാദ് ശരീഫ് വ്യക്തമാക്കി.
ഇറാന്‍ ബാലിസ്റ്റക് മിസൈല്‍ പദ്ധതിയെ കൂടി ഉള്‍പ്പെടുത്തി പുതിയ കരാര്‍ ആവശ്യമാണെന്നും മേഖലയിലെ സായുധ സംഘങ്ങളെ തങ്ങള്‍ സംരക്ഷിക്കുന്നുവെന്നും പറഞ്ഞാണ് അമേരിക്ക കരാറില്‍ നിന്നും പുറത്തുപോയത്. ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെങ്കില്‍ പശ്ചിമേഷ്യയില്‍ അമേരിക്ക വിറ്റഴിച്ച ആയുധങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 82 മില്യണ്‍ ജനസംഖ്യയുള്ള ഇറാന്‍റെ പ്രതിരോധമേഖലക്ക് 16 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ചെലവാക്കിയത്.
എന്നാല്‍ ഒരു മില്യണ്‍ മാത്രം ജനസംഖ്യയുള്ള യു.എ.ഇ 22ബില്യണ്‍ ഡോളറും, ഇറാന്‍ ജനസംഖ്യയുടെ പകുതിമാത്രം ജനസംഖ്യയുള്ള സൌദി അറേബ്യ 67 ബില്യണ്‍ ഡോളര്‍ ചെലഴിക്കുന്നുവെന്നു. ഇവിടങ്ങളിലെല്ലാം അമേരിക്കന്‍ ആയുധങ്ങളാണെന്നും ശരീഫ് കുറ്റപ്പെടുത്തി. ഈ ആയുധങ്ങള്‍ മേഖലയെ തകര്‍ക്കാന്‍ സജ്ജമായി നില്‍ക്കുന്പോഴാണ് ഇറാന്റെ മിസൈലിനെ കുറച്ചും ആയുധവില്‍പ്പന നിര്‍ത്തണമെന്നത് സംബന്ധിച്ചും ആവശ്യപ്പെടുന്നതെന്നും ജവാദ് ശരീഫ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നം പരിഹരിക്കാന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ഒത്തുചേര്‍ന്നതിന് പിന്നാലെയാണ് ഇറാന്‍ ഈ നിലപാടെന്നതും ശ്രദ്ധേയമാണ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ മധ്യസ്ഥതയില്‍ അനുനയനീക്കം നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കുമോയെന്നതും സംശയകരമാണ്.
Adjust Story Font
16

