Quantcast

അഴിമതി; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി അറസ്റ്റിൽ

ദ്രവീകൃത പ്രകൃതി വാതക ടെർമിനൽ പദ്ധതിക്ക് വേണ്ടി സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് കേസ്

MediaOne Logo

Web Desk

  • Published:

    19 July 2019 10:31 AM IST

അഴിമതി; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി അറസ്റ്റിൽ
X

അഴിമതി കുറ്റത്തിന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി അറസ്റ്റിൽ. ദ്രവീകൃത പ്രകൃതി വാതക ടെർമിനൽ പദ്ധതിക്ക് വേണ്ടി സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് കേസ്. നിയമപരമായി മുന്നോട്ട് പോകുമെന്ന് അബ്ബാസിയുടെ പാര്‍ട്ടിയായ പി.എം.എല്‍.എന്‍ പ്രതികരിച്ചു. പാകിസ്താൻ അഴിമതി വിരുദ്ധ വിഭാഗമായ ദേശീയ അക്കൌണ്ടബിളിറ്റി ബോർഡാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് പാര്‍ട്ടിയുടെ നേതാവുമായ ഷാഹിദ് ഖഖാന്‍ അബ്ബാസിയെ അറസ്റ്റ് ചെയ്തത്.

പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ലാഹോറിലേക്കുള്ള യാത്രക്കിടെ വാഹനം തടഞ്ഞ് നിര്‍ത്തിയായിരുന്നു അറസ്റ്റ്. ദ്രവീകൃത പ്രകൃതി വാതക ടെർമിനൽ പദ്ധതിക്ക് അനധികൃത കരാർ നൽകിയതിലൂടെ 9,500 കോടിയുടെ അഴിമതി അബ്ബാസി നടത്തിയെന്ന് ദേശീയ അക്കൌണ്ടബിളിറ്റി ബോർഡ് കണ്ടെത്തി. അബ്ബാസിക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് 15 വർഷത്തെ കരാർ ആണ് നൽകിയത്.. നവാസ് ഷെരീഫ് പദവി ഒഴിഞ്ഞ ശേഷം ഒരു വര്‍‌ഷം അബ്ബാസി പ്രധാനമന്ത്രി പദത്തില്‍ ഉണ്ടായിരുന്നു. ഈ കാലയളവിലാണ് അനധികൃതമായി കരാർ നൽകിയത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഴിമതി അന്വേഷണം കര്‍ക്കശമാക്കിയ ശേഷം അറസ്റ്റിലാകുന്ന ഉന്നത നേതാവാണ് അബ്ബാസി.

നവാസ് ഷെരീഫിന്‍റെ ഭരണകാലത്ത് അബ്ബാസി പെട്രോളിയം മന്ത്രിയായിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇമ്രാന്‍ ഖാന്‍റേതെന്ന് പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു. അറസ്റ്റിനെതിരെ നിയമനടപടിയെടുക്കുമെന്നും ഉടനെ ജാമ്യത്തിനായി നീങ്ങുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഒക്ടോബറില്‍ നവാസ് ഷെരീഫിന്‍റെ സഹോദരനും പാക് അധീന പഞ്ചാബില്‍ മുഖ്യമന്ത്രിയും ആയിരുന്ന ഷെഹ്ബാസ് ഷെരീഫിനെയും മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയെയും എന്‍.എ.ബി അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story