Quantcast

ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തത് അപകടം വരുത്തിയതു കൊണ്ടെന്ന് ഇറാൻ 

18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 July 2019 4:59 PM IST

ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തത് അപകടം വരുത്തിയതു കൊണ്ടെന്ന് ഇറാൻ 
X

ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപെറോ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത് അപകടം വരുത്തിയതു കൊണ്ടെന്ന് ഇറാന്റെ വിശദീകരണം. കപ്പൽ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചെന്നും ബോട്ടിലുണ്ടായിരുന്നവർ ബന്ധപ്പെട്ടിട്ടും കപ്പലിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്നും ഇറാനിലെ ദക്ഷിണ ഹൊർമൊസ്ഗാൻ പ്രവിശ്യയിലെ പോർട്‌സ് ആന്റ് മാരിടൈം ഓർഗനൈസേഷൻ തലവൻ അല്ലാ മുറാദ് അഫിഫിപോർ പറഞ്ഞു. ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം കഴിയുന്നതുവരെ അവർ കപ്പലിൽ തന്നെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

30,000 ടൺ വാഹകശേഷിയുള്ള കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതിനെ തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ അപായസന്ദേശം നൽകിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതേത്തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ ഹൊർമൊസ്ഗാൻ മാരിടൈം അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടർന്നുള്ള നിയമനടപടിയുടെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്ത് ബന്ദർ അബ്ബാസ് തുറമുഖത്തെത്തിച്ചതെന്ന് അഫിഫിപോർ പറഞ്ഞു.

കപ്പലിൽ കാർഗോ ഒന്നുമുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നതുവരെ ജീവനക്കാരെ കപ്പലിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. ആവശ്യം വരികയാണെങ്കിൽ ജീവനക്കാരെ സാങ്കേതിക കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

TAGS :

Next Story