Quantcast

36 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിക്കായി ശവക്കല്ലറ തുറന്നു

1983 ജൂണ്‍ 23 നാണ് ഇമാനുവേല ഒര്‍ലാണ്‍ഡി എന്ന 15 വയസുകാരിയെ റോമില്‍ നിന്നും കാണാതായത്

MediaOne Logo

Web Desk

  • Published:

    21 July 2019 12:05 PM IST

36 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിക്കായി ശവക്കല്ലറ തുറന്നു
X

റോമില്‍ നിന്നും 36 വര്‍ഷം മുമ്പ് ഇറ്റാലിയന്‍ വംശജയായ പെണ്‍കുട്ടി കാണാതായ സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി വത്തിക്കാനിലെ പൊന്തിഫിക്കല്‍ ട്യൂട്ടോണിക് കോളജിലെ ശവക്കല്ലറയില്‍ പരിശോധന നടന്നു. 1983 ജൂണ്‍ 23 നാണ് ഇമാനുവേല ഒര്‍ലാണ്‍ഡി എന്ന 15 വയസുകാരിയെ കാണാതായത്. ശവക്കല്ലറയില്‍ നടന്ന പരിശോധനയില്‍ പക്ഷേ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. 1983 ജൂണ്‍ 23 ന് സംഗീത ക്ലാസിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി റോം നഗര മധ്യത്തില്‍ ബസ് കാത്ത് നിന്ന ഇമാനുവേല ഒര്‍ലാണ്‍ഡി എന്ന പെണ്‍കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല.

ഇമാനുവേലയെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കരുതപ്പെടുന്നത്. 36 വര്‍ഷമായി വത്തിക്കാനെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതയുടെ ചുരുള്‍ അഴിക്കാനാണ് ശ്രമം. ഇമാനുവേലയുടെ കുടുംബത്തിന് ലഭിച്ച അ‍ജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് ശവക്കല്ലറയില്‍ പരിശോധന നടന്നത്. ശവക്കല്ലറയ്ക്ക് മുകളിലിരിക്കുന്ന മാലാഖയെ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് കുടുംബത്തിന് ലഭിച്ചത്. ഇതിന്‍ പ്രകാരം വത്തിക്കാന്‍ അധികൃതരെ കുടുംബം സമീപിക്കുകയും അവരുടെ അനുമതി പ്രകാരമാണ് പരിശോധന നടന്നത്. പൊന്തിഫിക്കല്‍ ട്യൂട്ടോണിക് കോളേജിലെ പുരാതനമായ ശവക്കല്ലറയിലാണ് പരിശോധന നടന്നത്. കത്തോലിക്ക സ്ഥാപനങ്ങളിലെ ജര്‍മന്‍ വംശജരായവരുടെ അന്ത്യ കര്‍മങ്ങള്‍ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.

വിനോദ സഞ്ചാരികള്‍ക്ക് ഇങ്ങോട്ട് എത്താന്‍ നിയന്ത്രണവുമുണ്ട്. രാജകുമാരിമാരുടെ രണ്ട് കല്ലറകളും ഇതിനോട് ചേര്‍ന്നുള്ള രണ്ട് പേടകങ്ങളുമാണ് തുറന്ന് പരിശോധിച്ചത്. ഇമാനുവേലയുടെ കുടുംബാംഗങ്ങളും അവര്‍ നിയോഗിച്ച വിദഗ്ധനും പരിശോധനയില്‍ സന്നിഹിതരായിരുന്നു. രാജകുമാരിമാരുടെ കല്ലറയില്‍ പക്ഷേ ശരീര അവശിഷ്ടങ്ങള്‍ ഇല്ലായിരുന്നു. 1960-70 കാലയളവില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ അവ നീക്കം ചെയ്തിട്ടുണ്ടാവാം എന്നാണ് വിലയിരുത്തല്‍. പേടകങ്ങളില്‍ നിന്ന് കണ്ടെത്തിയ എല്ലിന്‍ കഷണങ്ങളില്‍ പ്രഥമിക പരിശോധന പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരും. ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളിലൂടെ സംഭവത്തിന്‍റെ ദുരൂഹത നീക്കാനാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story