Quantcast

എണ്ണകപ്പല്‍ വിവാദം; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി തെഹ്റാനിലെത്തി

MediaOne Logo

Web Desk

  • Published:

    23 July 2019 12:35 AM IST

എണ്ണകപ്പല്‍ വിവാദം;  മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി തെഹ്റാനിലെത്തി
X

ബ്രിട്ട​ന്റെ എണ്ണ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനെ ചൊല്ലി രൂപപ്പെട്ട ഗുരുതര സാഹചര്യം മറികടക്കാനുള്ള മധ്യസ്​ഥ നീക്കത്തി​ന്റെ ഭാഗമായി ഇറാഖ്​ പ്രധാനമന്ത്രി തെഹ്​റാനിലെത്തി. ഇറാനുമായുള്ള അടുത്ത ബന്ധം പ്രശ്​നപരിഹാരത്തിന്​ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ്​ ഇറാഖ്​ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ മെഹ്​ദി. എന്നാൽ ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ എണ്ണ കപ്പൽ കൈമാറാതെ ബ്രിട്ടീഷ്​ കപ്പൽ വിട്ടു കൊടുക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ്​ ഇറാൻ.

ഗൾഫ്​ പ്രതിസന്ധി മറികടക്കുന്നതിന്​ ഇരു വിഭാഗങ്ങളുമായി ചർച്ചക്ക്​ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഇറാഖ്​ പ്രധാനമന്ത്രിയുടെ തെഹ്​റാൻ സന്ദർശനം. കപ്പൽ വിട്ടു കൊടുത്തില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്കക്കിടയിലാണ്​ മധ്യസ്​ഥ റോളുമായി ഇറാഖ്​ പ്രധാനമന്ത്രിയുടെ സുപ്രധാന നീക്കം. ഇറാനെ അനുനയിപ്പിക്കാൻ ഒമാനും രംഗത്തുണ്ട്​. എന്നാൽ തുടക്കത്തിൽ മധ്യസ്ഥ നീക്കം നടത്തിയ ഫ്രാൻസ്​, ജർമ്മനി എന്നീ രാജ്യങ്ങൾ ബ്രിട്ടനൊപ്പം നിലയുറപ്പിച്ചത്​ തെഹ്​റാന്​ തിരിച്ചടിയായി.

ഗൾഫ്​ മേഖലയിലൂടെയുള്ള എണ്ണ കപ്പലുകൾക്ക്​ മതിയായ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. പിടിച്ചെടുത്ത കപ്പൽ ഉടനടി കൈമാറാനും ബ്രിട്ടൻ ആവശ്യപ്പെട്ടു.

ഹോർമുസ്​ കടലിടുക്ക്​ കേന്ദ്രമായി സംഘർഷം വർധിച്ചതോടെ എണ്ണ കപ്പലുകൾക്ക്​ സൈനിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി സഹകരിക്കാൻ അമേരിക്ക കൂടുതൽ രാജ്യങ്ങളോട്​ ആവശ്യപ്പെട്ടു. കൂടുതൽ യുദ്ധ കപ്പലുകൾ ഗൾഫിലേക്ക്​ അയക്കാനും അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളെയും മറ്റും പ്രേരിപ്പിക്കുകയാണ്​.

അതിനിടെ, സി.ഐ.എയുമായി ചേർന്ന്​ ചാരവൃത്തി നടത്തിയതായി ​ കണ്ടെത്തിയ 17​ പേരെ പിടികൂടിയതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. തന്ത്രപ്രധാന കേ​ന്ദ്രങ്ങളിൽ ജോലി ചെയ്​തിരുന്ന ഇറാനികളെ സി.ഐ.എ സ്വാധീനിച്ച്​ വിവരങ്ങൾ ചോർത്തിയെന്നാണ്​ ആരോപണം. എന്നാൽ വാർത്ത യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ നിഷേധിച്ചു.

TAGS :

Next Story