ബ്രിട്ടീഷ് കപ്പലിലെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്ത് വിട്ടു
സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം നാലിന് ഗ്രേസ് വണ്‍ എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു.

ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപരോയിലെ ദൃശ്യങ്ങള്‍ പുറത്ത്. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതുമടക്കമുള്ള ദൃശ്യങ്ങലളാണ് ഇറാന്‍ പുറത്തുവിട്ടത്.
ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ഇറാൻ പിടിച്ചെടുത്ത സ്റ്റെനാ ഇംപറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കപ്പല്‍ പിടിച്ചെടുത്ത് നാലു ദിവസത്തിനു ശേഷമാണ് കപ്പല്‍ ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടത്. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്, കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു.
കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം നാലിന് ഗ്രേസ് വണ്‍ എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചത്.
Adjust Story Font
16

