Quantcast

അനധികൃത കുടിയേറ്റം: തുർക്കിയില്‍ 6000 പേര്‍ അറസ്റ്റിലായി

ജൂലൈ 12 മുതലാണ് അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    25 July 2019 8:33 AM IST

അനധികൃത കുടിയേറ്റം: തുർക്കിയില്‍ 6000 പേര്‍ അറസ്റ്റിലായി
X

അനധികൃത കുടിയേറ്റം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് തുർക്കി നടത്തിയ പരിശോധനയിൽ 6000 പേർ അറസ്റ്റിലായി. പിടിയിലായവരിൽ സിറിയക്കാരും ഉൾപ്പെടും. അഭയാർഥികളായി എത്തുന്ന സിറിയക്കാരെ നാടുകടത്തുന്നതിനായാണ് പരിശോധനയെന്ന ആരോപണങ്ങൾ തുർക്കി ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്‌ലുവാണ് രണ്ടാഴ്ചക്കിടെ നടന്ന പരിശോധനയുടെ കണക്കുകൾ പുറത്തുവിട്ടത്.

ജൂലൈ 12 മുതലാണ് അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടങ്ങിയത്. ഇസ്താൻബൂളിൽ നിന്ന് 6,122 അനധികൃത താമസക്കാർ പിടിയിലായി. ഇതിൽ 2,600 പേർ അഫ്ഗാൻകാരും, 1000 പേർ സിറിയക്കാരുമാണ്. പിടികൂടിയ സിറിയക്കാരെ അഭയാർഥി ക്യാംപിലേക്ക് അയച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സിറിയക്കാരെ നാടുകടത്തിയെന്ന ആരോപണം തള്ളിയ മന്ത്രി ഇവരെ തുർക്കി അതിർത്തിയിലുള്ള ഹതായ് മേഖലയിലേക്കാണ് മാറ്റിയതെന്നും വ്യക്തമാക്കി. പിടിയിലായ സിറിയക്കാരിൽ ചിലർ, സിറിയയിൽ ഏറ്റുമുട്ടൽ അവസാനിച്ച മേഖലകളിലേക്ക് സ്വയം സന്നദ്ധരായി മടങ്ങിപ്പോയെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് തന്നെ ഏറ്റവും അധികം സിറക്കാർക്ക് അഭയം കൊടുത്ത രാജ്യം തുർക്കി ആണ്.

ഇതുവരെ മുപ്പത്തിയഞ്ച് ലക്ഷം സിറിയക്കാരാണ് തുർക്കിയിൽ അഭയം തേടിയത്. ഇതിൽ പലർക്കും താത്ക്കാലിക അഭയ അനുമതി ഉണ്ടെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്ത പ്രവിശ്യയിലായി ഇത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. രജിസ്റ്റർ ചെയ്ത പ്രവിശ്യയിർ അല്ലാതെ താമസിക്കുന്ന അഭയാർഥികളുടേത് അനധികൃത താമസമായി പരിഗണിക്കുമെന്നറിയിച്ച് ജൂലൈ 18ന് തുർക്കി ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. രജിസ്റ്റർ ചെയ്ത പ്രവിശ്യയിൽ നിന്ന് ജോലിക്കായി മറ്റിടങ്ങളിലേക്ക് എത്തിയവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. പിടികൂടിയവരെ രജിസ്റ്റർ ചെയ്ത പ്രവിശ്യയിലേക്ക് തിരിച്ചയക്കുന്നതിന് പകരം നാടുകടത്തുകയാണെന്ന് ആരോപിച്ച് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്.

TAGS :

Next Story