വ്യോമാതിര്‍ത്തി ലംഘനം: മാപ്പ് ചോദിച്ചെന്ന ദക്ഷിണകൊറിയന്‍ വാദം തള്ളി റഷ്യ
മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെയാണ് വിമാനം സഞ്ചരിച്ചതെന്നും വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും റഷ്യ പ്രതികരിച്ചു

വ്യോമാതിര്‍ത്തി ലംഘിച്ചതിന് റഷ്യ മാപ്പ് ചോദിച്ചെന്ന ദക്ഷിണകൊറിയന്‍ വാദം റഷ്യ തള്ളി. മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെയാണ് വിമാനം സഞ്ചരിച്ചതെന്നും വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും റഷ്യ പ്രതികരിച്ചു. അതിനിടെ, ഡോക്ഡോ ദ്വീപിന്‍റെ അവകാശത്തെ ചൊല്ലി ജപ്പാന്‍ - ദക്ഷിണ കൊറിയ തര്‍ക്കം രൂക്ഷമായി. ചൈനയുമൊത്തുള്ള സംയുക്ത വ്യോമാഭ്യാസത്തിനിടെ ചൊവ്വാഴ്ച രണ്ട് തവണ റഷ്യയുടെ യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചു എന്നായിരുന്നു ദക്ഷിണ കൊറിയയുടെ ആരോപണം.
ഈ വിഷയത്തില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചെന്നും ദക്ഷിണ കൊറിയ അവകാശപ്പെട്ടിരുന്നു. ഈ രണ്ട് വാദങ്ങളെയും റഷ്യ തള്ളി. മാധ്യമങ്ങളിലൂടെയാണ് ദക്ഷിണ കൊറിയയുടെ പ്രസ്താവന ശ്രദ്ധയില്‍പെട്ടതെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഖേദപ്രകടനം ഉണ്ടായിട്ടില്ലെന്നും ദക്ഷിണ കൊറിയയിലെ റഷ്യന്‍ എംബസി വക്താവ് വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെയായിരുന്നു വിമാനത്തിന്‍റെ സഞ്ചാരം. വ്യോമാതിര്‍ത്തി ലംഘനം നടന്നിട്ടില്ലെന്ന് റഷ്യയുടെ എയര്‍ഫോഴ്സ് കമാന്‍ഡറും പറഞ്ഞു.
ജപ്പാനും ദക്ഷിണകൊറിയയും തമ്മില്‍ അവകാശതര്‍ക്കം നടക്കുന്ന ഡോക്ഡോ ദ്വീപില്‍ നിന്നും 25 കിലോമീറ്റർ അകലെയായാണ് വിമാനങ്ങള്‍ ഉണ്ടായതെന്നും റഷ്യ അവകാശപ്പെട്ടു. ദക്ഷിണ കൊറിയയുടെ നിരീക്ഷണവിമാനം റഷ്യന്‍ യുദ്ധവിമാനത്തിന് നേരെ മുന്നറിയിപ്പെന്ന നിലയില്‍ നൂറിലേറെ തവണ വെടിയുതിര്‍ത്തെന്നും ജപ്പാന്‍ വിമാനം സമീപത്ത് കൂടി പറന്നതായും റഷ്യ ആരോപിച്ചു. ഡോക്ഡോ ദ്വീപില്‍ പ്രവേശിച്ചതിന് റഷ്യക്കും ദക്ഷിണ കൊറിയക്കും എതിരെ രൂക്ഷവിമര്‍ശനമാണ് ജപ്പാന്‍ നടത്തിയത്. എന്നാല്‍ ദ്വീപ് ദക്ഷിണ കൊറിയയുടെ സ്വന്തമാണെന്നും ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു.
Adjust Story Font
16

