Quantcast

നോർവേയിലെ മുസ്‌ലിം പള്ളിയിൽ കൂട്ടക്കൊല നടത്താനെത്തിയ അക്രമിയെ കീഴടക്കിയത് 65-കാരൻ 

മാൻഷോസിനെ തടയുന്നതിനിടയിൽ മുഹമ്മദ് റഫീഖിന് തലയ്ക്കും കയ്യിലും കണ്ണിലും പരിക്കേറ്റിട്ടുണ്ട്. അക്രമി തന്റെ കണ്ണിൽ വിരൽ കടത്തിയെന്ന് റഫീഖ് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    14 Aug 2019 4:34 AM GMT

നോർവേയിലെ മുസ്‌ലിം പള്ളിയിൽ കൂട്ടക്കൊല നടത്താനെത്തിയ അക്രമിയെ കീഴടക്കിയത് 65-കാരൻ 
X

ഓസ്ലോ: നോർവേയിലെ മുസ്ലിം പള്ളിയിൽ ഭീകരാക്രമണം നടത്താനെത്തിയ യുവാവിനെ സാഹസികമായി കീഴടക്കി 65-കാരൻ. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിൽ ഈ വർഷാദ്യം സംഭവിച്ചതുപോലെ, വിശ്വാസികളെ കൂട്ടത്തോടെ വെടിവെച്ചു കൊല്ലാൻ ലക്ഷ്യമിട്ടെത്തിയ തോക്കുധാരിയായ 21-കാരനെയാണ് മുൻ പാകിസ്താൻ സൈനിക ഓഫീസറായ മുഹമ്മദ് റഫീഖ് സധൈര്യം നേരിട്ടത്.

ഓസ്ലോ നഗരത്തിനു സമീപമുള്ള ബെയ്‌റമിലെ അൽ നൂർ ഇസ്ലാമിക് സെന്ററി പെരുന്നാൾ ദിനത്തിന്റെ തലേന്നായിരുന്നു സംഭവം. ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി പള്ളിയിൽ ഒരുക്കങ്ങൾ നടക്കവെയാണ് തോക്കുമായെത്തിയ ഫിലിപ് മാൻഷോസ് എന്നയാൾ വെടിയുതിർത്തു കൊണ്ട് പള്ളിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. രണ്ടുപേർക്കു നേരെ അക്രമി തോക്കുചൂണ്ടുന്നതിനിടെയാണ് മുഹമ്മദ് റഫീഖ് ചാടിവീണ് ഇയാളെ നിലത്തുവീഴ്ത്തിയത്. ഹെൽമറ്റും ബോഡി ആർമർ ജാക്കറ്റും ധരിച്ചിരുന്ന മാൻഷോസ് റഫീഖിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ കൂടി ഇടപെട്ട് അക്രമിയെ നിലത്തുകിടത്തി പൊലീസിനെ വിവരമറിയിച്ചു.

സംഭവം നൊർവീജിയൻ മുസ്ലിംകൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് നോർവേ പ്രധാനമന്ത്രി എർന സൊൽബെർഗ് പറഞ്ഞു. ഭീകരാക്രമണ ശ്രമമായാണ് ഈ സംഭവത്തെ അധികൃതർ കണക്കാക്കുന്നത്. 1997-ൽ ജനിച്ച ഫിലിപ് മാൻഷോസ് കുടിയേറ്റ വിരുദ്ധ ആശയങ്ങളിൽ ആകൃഷ്ടനാണെന്നും ക്രൈസ്റ്റ്ചർച്ച് മാതൃകയിൽ മുസ്ലിംകളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന് പുറപ്പെടുംമുമ്പ് ഇയാൾ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. 'പള്ളിക്കകത്ത് കയറിയ അക്രമിയെ കീഴടക്കുന്നതിൽ അവിടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടൽ നിർണായകമായി. വലിയ ധൈര്യമാണ് അവർ കാണിച്ചത്.' - പൊലീസ് സ്റ്റേഷൻ മേധാവി റുനെ സ്‌ക്യോൾഡ് പറഞ്ഞു.

മാൻഷോസിനെ തടയുന്നതിനിടയിൽ മുഹമ്മദ് റഫീഖിന് തലയ്ക്കും കയ്യിലും കണ്ണിലും പരിക്കേറ്റിട്ടുണ്ട്. അക്രമി തന്റെ കണ്ണിൽ വിരൽ കടത്തിയെന്ന് റഫീഖ് പറഞ്ഞു.

TAGS :

Next Story