Quantcast

ദക്ഷിണകൊറിയയുമായി ഇനി സമാധാന ചര്‍ച്ചക്കില്ലെന്ന് ഉത്തരകൊറിയ

ഉത്തരകൊറിയ ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണം നടത്തിയെന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്‍റിന്‍റെ ആരോപണത്തിന് പിന്നാലെയാണ് പ്രഖ്യാപനം

MediaOne Logo

Web Desk 11

  • Published:

    17 Aug 2019 8:20 AM IST

ദക്ഷിണകൊറിയയുമായി ഇനി സമാധാന ചര്‍ച്ചക്കില്ലെന്ന് ഉത്തരകൊറിയ
X

ദക്ഷിണകൊറിയയുമായി ഇനി സമാധാന ചര്‍ച്ചക്കില്ലെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയ ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണം നടത്തിയെന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്‍റിന്‍റെ ആരോപണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ഉത്തരകൊറിയന്‍ നിലപാട് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് ദക്ഷിണകൊറിയയും പ്രതികരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് ഹ്രസ്വ ദൂര മിസൈലുകളുടെ പരീക്ഷണം ഉത്തരകൊറിയ നടത്തിയതായി ദക്ഷിണകൊറിയ ആരോപിച്ചിരുന്നു,സീ ഓഫ് ജപ്പാനിലെ കാങ്വോൺ പ്രവിശ്യയ്ക്ക് സമീപത്തുള്ള ടോങ്ചോൺ നഗരത്തിനടുത്താണ് മിസൈൽ പരീക്ഷണം നടന്നത്.

അന്താരാഷ്ട്ര വിലക്കുകളെയും ഉടമ്പടികളെയുമെല്ലാം മറികടന്ന് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം നടത്തുകയാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം. കൂടുതലൊന്നും ദക്ഷിണകൊറിയയുമായി ചര്‍ച്ച ചെയ്യാനില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലുണ്ട്.

ഉത്തരകൊറിയയുടെ നിലപാട് അന്താരാഷ്ട്ര കരാറിന്‍റെ ലംഘനമാണെന്നും മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്നും ദക്ഷിണകൊറിയന്‍ യൂണിഫിക്കേഷന്‍ മന്ത്രാലയം വക്താവ് കിം യുന്‍ഹാന്‍ പ്രതികരിച്ചു. ചര്‍ച്ചയിലൂടെ മാത്രമേ ഇരു കൊറിയകള്‍ക്കിടയിലുമുള്ള പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളൂവെന്നും കിം യുന്‍ഹാന്‍ പറഞ്ഞു.

ഉത്തരകൊറിയയുടെ നടപടികള്‍ സാകൂതം വീക്ഷിക്കുകയാണ് ദക്ഷിണകൊറിയ, ഈയിടെ ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് ഉത്തരകൊറിയ പ്രകോപനപരമായ നടപടികള്‍ വീണ്ടും തുടങ്ങിയത്. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കു ചേര്‍ന്നതല്ല ഈ സൈനികാഭ്യാസമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story