കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ ഇടപെടല്‍; പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ട്രംപ്

കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സംഘർഷം കുറയ്ക്കാൻ ഇന്ത്യയും പാക്കിസ്താനും ചര്‍ച്ചക്കു തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു. മോദിയുമായും ഇംറാന്‍ ഖാനുമായും ടെലഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
Spoke to my two good friends, Prime Minister Modi of India, and Prime Minister Khan of Pakistan, regarding Trade, Strategic Partnerships and, most importantly, for India and Pakistan to work towards reducing tensions in Kashmir. A tough situation, but good conversations!
— Donald J. Trump (@realDonaldTrump) August 19, 2019
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് അമേരിക്കയുടെ പ്രതികരണം വരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ അരമണിക്കൂറോളം ട്രംപ് ഫോണില്‍ സംസാരിച്ചു. പാക്കിസ്താന്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും അക്രമം പ്രോൽസാഹിപ്പിക്കുന്ന നടപടികളും സമാധാനത്തിനു തടസ്സം സൃഷ്ടിക്കുന്നതായി ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അറിയിച്ചു. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെയും ട്രംപ് ടെലഫോണില്‍ വിളിച്ചു. ശേഷമാണ് ട്രംപിന്റെ ട്വീറ്റ് വന്നത്, കശ്മീരിലെ സംഘർഷ സാഹചര്യം കുറയ്ക്കാൻ ഇന്ത്യയും പാക്കിസ്താനും ശ്രമിക്കണം. സങ്കീര്‍ണ സാഹചര്യമാണ് കശ്മീരില്‍. എങ്കിലും മോദിയുമായും ഇംറാന്‍ഖാനുമായും നല്ലരീതിയിലാണ് സംഭാഷണമുണ്ടായതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നും മോദി ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടെന്നുമുള്ള ട്രംപിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ട്രംപിന്റെ വാദം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
Adjust Story Font
16

