വിവാദ പ്രസംഗം; സാകിര്‍ നായികിന് ഇനി മലേഷ്യയില്‍ പ്രസംഗിക്കാനാവില്ല

വിവാദ പ്രസംഗത്തിന്റെ പേരില്‍ സാകിര്‍ നായികിന്റെ പ്രസംഗത്തിന് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തി. മലേഷ്യയിലെ ഹിന്ദുക്കളെയും ചൈനീസ് വംശജരെയും ലക്ഷ്യമാക്കി നടത്തിയ പ്രസംഗമാണ് മലേഷ്യന്‍ അധികൃതരെ ചൊടിപ്പിച്ചത്. ഇനി മുതല്‍ മലേഷ്യയില്‍ പ്രസംഗം നടത്തുന്നതിന് വിലക്കി കൊണ്ടുള്ള ഉത്തരവ് പൊലീസ് സ്റ്റേഷനുകള്‍ക്ക് അധികൃതര്‍ നല്‍കിയതായി മലായ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശസുരക്ഷയും രാജ്യത്തെ സൌഹാര്‍ദ അന്തരീക്ഷവും പരിഗണിച്ചാണ് നടപടിയെന്ന് മലേഷ്യന്‍ പൊലീസ് മേധാവി ദതൂക്ക് അസമാവതി പറഞ്ഞു.
ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ വിവാദമായ ഉത്തരവിന് കാരണമായിരിക്കുന്നത്. പ്രസംഗത്തിനിടെ ഹിന്ദുക്കളെയും ചൈനീസ് വംശജരെയും പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയായ മഹാതീര്‍ മുഹമ്മദിനെ വിമര്‍ശിച്ചതാണ് മലേഷ്യയെ ചൊടിപ്പിച്ചത്. ‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്നുമായിരുന്നു നായിക്കിന്റെ പരാമര്‍ശം. മുഹമ്മദിനെക്കാള്‍ ഇന്ത്യയിലെ നരേന്ദ്രമോദിയോടാണ് ഇവിടത്തെ ഹിന്ദുക്കള്‍ക്ക് ഇഷ്ടമെന്നും നായിക് പ്രസംഗിച്ചിരുന്നു. പ്രസംഗം വിവാദമായതോടെ നായിക് വംശീയ രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പ്രതികരണം. മതപ്രസംഗം നടത്താനുള്ള അവകാശം സാകിര്‍ നായികിനുണ്ട് എന്ന് പറഞ്ഞ മഹാതീര്‍, സാകിര്‍ നായിക് അതല്ല ചെയ്യുന്നതെന്നും വംശീയ വികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. പ്രസംഗത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സാകിര്‍ നായികിനെ ഇന്നലെ പത്ത് മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു. പൊതുസമാധാനം ഭംഗംവരുത്തുന്നതു സംബന്ധിച്ച വകുപ്പ് പ്രകാരമാണ് നായികിനെതിരെ മലേഷ്യന്‍ പൊലിസ് അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലിന് ശേഷം നായിക് പുറത്തുവരുന്ന ചിത്രം മലേഷ്യയിലെ പ്രാദേശിക പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ സാകിര്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് തൊട്ടുടനെയാണ് ഇപ്പോള്‍ പ്രസംഗം വിലക്കി കൊണ്ടുള്ള ഔദ്യോഗിക ഉത്തരവും പുറത്തിറങ്ങിയത്. അതെ സമയം സാകിര്‍ നായിക്കിന്റെ നടപടികളില്‍ വിയോജിച്ചു കൊണ്ട് സംസ്ഥാനങ്ങളിലെ മുസ്‍ലിം മത സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നതിനെതിരെ മലേഷ്യയില്‍ അഭയം തേടിയ സാകിര്‍ നായിക്കിന് പുതിയ ഉത്തരവ് വന്‍ തിരിച്ചടിയാകും. നേരത്തെ സാകിര്‍ നായികിനെ വിട്ടുകിട്ടാന്‍ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യം തള്ളുകയായിരുന്നു. നേരത്തെ മൂന്ന് തവണയാണ് ഇന്ത്യയുടെ വിവിധ ആഭ്യന്തര ഏജന്‍സികള്‍ സാകിര്‍ നായികിനെ വിട്ടുനല്‍കാനാവശ്യപ്പെട്ട് ഇന്റര്‍പോളിനെ സമീപിച്ചിരുന്നത്. എന്നാല്‍ എല്ലാ ആവശ്യങ്ങളും തന്നെ ഇന്റര്‍പോള്‍ തള്ളുകയാണുണ്ടായത്. നായികിനെതിരായ ഇന്ത്യയുടെ ആരോപണങ്ങളില്‍ തെളിവില്ലെന്ന കാരണങ്ങളാലാണ് കഴിഞ്ഞ മൂന്ന് തവണയും ആവശ്യം മലേഷ്യ നിരസിച്ചിരുന്നത്. നിലവില്‍ മലേഷ്യന്‍ പൌരത്വം നേടി അവിടെ താമസിക്കുകയാണ് സാകിര്‍ നായിക്.
Adjust Story Font
16

