Quantcast

അമേരിക്കയെ അവഗണിച്ച് ഇറാന്റെ പുതിയ മിസൈല്‍; ലക്ഷ്യം ആക്രമണവും പ്രതിരോധവും

റഷ്യയുടെ എസ്-300 നെ ആയിരുന്നു അതുവരെ ഇറാന്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇറാന് വിലക്ക് വന്നതോടെ ബവാറിന്റെ നിര്‍മാണത്തിലേക്ക് തിരിയുകയായിരുന്നു.

MediaOne Logo

Web Desk 1

  • Published:

    23 Aug 2019 10:30 AM IST

അമേരിക്കയെ അവഗണിച്ച് ഇറാന്റെ പുതിയ മിസൈല്‍; ലക്ഷ്യം ആക്രമണവും പ്രതിരോധവും
X

മിസൈല്‍ പ്രതിരോധ രംഗത്ത് പുതിയ മുന്നേറ്റവുമായി ഇറാന്‍. തദ്ദേശീയമായി നിര്‍മിച്ച ബവാര്‍-373 മിസൈല്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അവതരിപ്പിച്ചു. 200 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. അമേരിക്കയുമായി ചര്‍ച്ചകള്‍ ഇനി അപ്രസക്തമാണെന്നും റുഹാനി പറഞ്ഞു.

തലസ്ഥാനമായ തെഹ്റാനിലായിരുന്നു ചടങ്ങ്. ഇറാന്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ സംവിധാനമാണ് ബവാര്‍. 2010 ലാണ് ഇത് ആരംഭിക്കുന്നത്. റഷ്യയുടെ എസ്-300 നെ ആയിരുന്നു അതുവരെ ഇറാന്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇറാന് വിലക്ക് വന്നതോടെ ബവാറിന്റെ നിര്‍മാണത്തിലേക്ക് തിരിയുകയായിരുന്നു. ബവാര്‍-373 എസ്-300 നേക്കാള്‍ മികച്ചതാണെന്ന് പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു. അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകളോടും കിടപിടിക്കാന്‍ ഇവക്ക് കഴിയും. 27 കിലോമീറ്റര്‍ ഉയരത്തില്‍ ഇവക്ക് ലക്ഷ്യം സാധ്യമാകും. തങ്ങളെ ആക്രമിച്ചാല്‍ പ്രത്യാക്രമണവും പ്രതിരോധവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചതെന്നും റുഹാനി വ്യക്തമാക്കി.

ഒരേസമയം ആറ് ശത്രുമിസൈലുകളെ കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന ഖോര്‍ദദ് വ്യോമപ്രതിരോധ സംവിധാനം ജൂണില്‍ ഇറാന്‍ വികസിപ്പിച്ചിരുന്നു. ആണവകരാറില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ ഇനി അപ്രസക്തമാണെന്നും ഉപകാരമില്ലാതായി മാറിയെന്നും റുഹാനി പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഫ്രാന്‍സ് ഉള്‍പ്പെടെ സ്വീകരിക്കുന്ന നിലപാടുകളില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഇടപെടലുകളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

TAGS :

Next Story