Quantcast

ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ശ്രമ തുടരുന്നു; എയ‌ര്‍ ടാങ്കറുകളാണ് രക്ഷാ പ്രവ‌ര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്

പാരാഗ്വ അതിര്‍ത്തിയില്‍ മാത്രം 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍

MediaOne Logo

Web Desk 11

  • Published:

    25 Aug 2019 8:12 AM IST

ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ശ്രമ തുടരുന്നു;  എയ‌ര്‍ ടാങ്കറുകളാണ് രക്ഷാ പ്രവ‌ര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്
X

ആമസോണ്‍ മഴ കാടുകളില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. പാരാഗ്വ അതിര്‍ത്തിയില്‍ മാത്രം 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മോറല്‍സിന്‍റെ പ്രത്യേക ആവശ്യപ്രകാരം എത്തിയ എയ‌ര്‍ ടാങ്കറുകള്‍ ആമസോണ്‍ കാടുകള്‍ക്ക് മേല്‍ മഴ പെയ്യിപ്പിച്ച് പറക്കുന്നതിന്‍റെ ആകാശ ദ്യശ്യങ്ങളാണിപ്പോള്‍ സാമൂഹ്യക മാധ്യമങ്ങള്‍ നിറയെ.

അഗ്നിയുടെ താണ്ഡവമാണ് ആമസോണ്‍ മഴക്കാടുകളില്‍. പാരാഗ്വെ അതിർത്തിയിൽ മാത്രം ഇതുവരെ 360 കിലോ മീറ്റർ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആമസോണിനെ അഗ്നിപ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളാണ് രക്ഷാ പ്രവ‌ര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്.വെള്ളിയാഴ്ചയാണ് യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ - ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്.

76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത് വന്നു. അതേ സമയം അന്താരാഷ്ട്ര രാഷ്ട്രീയ വിഷയം കൂടിയായി മാറുകയാണ് ആമസോണിലെ തീ. ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങളാണ് ആമസോണിനായി തെരുവിലിറങ്ങിയത്.

അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍‌ നിന്നടക്കം സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ബ്രസീലിന്റെ നടപടി. എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു തന്നെ നില്‍ക്കുകയാണ് ബ്രസീല്‍. പ്രശ്‍നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ വ്യക്തമാക്കി.

TAGS :

Next Story