കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്കും പാകിസ്ഥാനും ശേഷിയുണ്ടെന്ന് ട്രംപ്
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ ഇതോടെ ട്രംപ് അയവുവരുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്

കശ്മീര്‍ പ്രശ്‌നത്തിന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ നിര്‍ദേശം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ ഇതോടെ ട്രംപ് അയവുവരുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പാകിസ്താനോടും ട്രംപ് ഇതേ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക അതിഥിയായി ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത മോദി ഈ വര്‍ഷം ട്രംപുമായി നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ സമ്മര്‍ദ്ദം മുറുകുന്നതിനിടെ മാധ്യസ്ഥ നീക്കവുമായി അമേരിക്ക ഇരു രാജ്യങ്ങളെയും ബന്ധപ്പെട്ടിരുന്നു.
കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണാധീനമാണെന്നും പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നും കൂടിക്കാഴ്ചയില്‍ മോദി ട്രംപിനെ അറിയിച്ചു. മൂന്നാമതൊരു രാജ്യത്തെ ബുദ്ധിമുട്ടിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ആഗസ്ത് മധ്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. യു.എന്‍ സുരക്ഷാ സമിതി യോഗത്തിനു തൊട്ടു മുമ്പ് വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
മധ്യസ്ഥ നീക്കത്തില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയെങ്കിലും പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ എന്തായിരിക്കും ട്രംപിന്റെ അടുത്ത നീക്കമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
Adjust Story Font
16

