ഇറ്റലിയില്‍ ജുസെപ്പി കോണ്‍ടെ പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തി
പ്രധാനമന്ത്രി ജുസേപ്പി കോണ്‍ടെ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നയം സ്വീകരിക്കുമ്പോള്‍ ഇതിനെ പരസ്യമായി എതിര്‍ത്താണ് സാല്‍വിനി വിമത നീക്കം നടത്തിയത്

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറ്റലിയില്‍ ജുസെപ്പി കോണ്‍ടെ പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തി. ജുസേപ്പിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടായിരുന്ന രണ്ട് പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ സഖ്യത്തെ തുടര്‍ന്നാണ് ജുസേപ്പിക്ക് ഭരണത്തുടര്‍ച്ച സാധ്യമായത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ജുസേപ്പി കോണ്‍ടിയുടെ സ്ഥാനാരോഹണ ചടങ്ങ്. മണി മുഴക്കി തന്റെ സര്‍ക്കാരിന്റെ ആരംഭം ജുസേപ്പി പ്രഖ്യാപിച്ചു.
നേരത്തെ ഭരണപക്ഷത്തുണ്ടായിരുന്ന ഫൈവ് സ്റ്റാര്‍ മൂവ്മെന്റും പ്രതിപക്ഷത്തുണ്ടായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ സഖ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍ക്കാര്‍ രൂപീകൃതമായത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പൌലോ ജെന്‍റിലോണിയെ പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായും നിയമിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.
നേരത്തെ ഭരണപക്ഷത്തുണ്ടായിരുന്ന ലീഗ് പാര്‍ട്ടി നേതാവ് മാറ്റോ സാല്‍വിനി പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും ഭരണമുന്നണിയില്‍ നിന്ന് ലീഗ് പാര്‍ട്ടി പിന്‍മാറുകയും ചെയ്തിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി പ്രധാനമന്ത്രി പദം നേടുകയായിരുന്നു സാല്‍വിനിയുടെ ശ്രമം. എന്നാല്‍ സാല്‍വിനിയുടെ ശ്രമം തിരിച്ചടിച്ചതോടെയാണ് പുതിയ സഖ്യത്തിന് വഴി തുറന്നത്. പ്രധാനമന്ത്രി ജുസേപ്പി കോണ്‍ടെ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നയം സ്വീകരിക്കുമ്പോള്‍ ഇതിനെ പരസ്യമായി എതിര്‍ത്താണ് സാല്‍വിനി വിമത നീക്കം നടത്തിയത്.
Adjust Story Font
16

