Quantcast

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി; അടുത്തമാസം 15-ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശം പ്രതിപക്ഷം തള്ളി

MediaOne Logo

Web Desk 8

  • Published:

    10 Sept 2019 8:11 AM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി; അടുത്തമാസം 15-ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശം പ്രതിപക്ഷം തള്ളി
X

ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അടുത്ത അഞ്ചാഴ്ചത്തേക്ക് അടച്ചിട്ടു. ഇന്നലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങളാണുണ്ടായത്. ഉപാധി രഹിത ബ്രെക്സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം പ്രതിപക്ഷം വീണ്ടും തള്ളി.

ഇന്നലത്തോടെ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് അടുത്ത അഞ്ചാഴ്ചത്തേക്ക് അടച്ചിടുന്നത്. ബ്രെക്സിറ്റിനെ ചൊല്ലിയുള്ള കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. എന്തു വില കൊടുത്തും ഒക്ടോബര്‍ 31-ന് മുന്പ് ബ്രെക്സിറ്റ് നടപ്പാക്കാനാണ് ബോറിസ് ജോണ്‍സന്റെ നീക്കം. ഉപാധികളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് തടയുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിതമരും ചേര്‍ന്ന് നേരത്തെ അവതരിപ്പിച്ചിരുന്നു. അതിനു പുറമെയാണ് ഉപാധി രഹിത ബ്രെക്സിറ്റുമായി സര്‍ക്കാര്‍ എടുത്തിട്ടുള്ള മുഴുവന്‍ നീക്കങ്ങളുടെയും രേഖകള്‍ എം.പിമാര്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തോടൊപ്പം വിമത കണ്‍സര്‍വേറ്റീവ് എം.പിമാരും ഈ നീക്കത്തെ പാര്‍ലമെന്റില്‍ പിന്തുണച്ചു.

ഒക്ടോബര്‍ 15ന് പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വീണ്ടും പാര്‍ലമെന്റില്‍ നിര്‍ദേശം വെച്ചു. പക്ഷേ പ്രതിപക്ഷം അത് തള്ളിക്കളഞ്ഞു. അതിനിടെ ബ്രിട്ടീഷ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ രാജി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അതോടു കൂടിയോ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ ഒക്ടോബര്‍ 31നോ രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. പാര്‍ലമെന്റ് മരവിപ്പിക്കുന്ന നടപടിക്കെതിരെ ബ്രിട്ടനില്‍ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്.

TAGS :

Next Story