ഇറാന് മേലുള്ള കുരുക്കഴിയുമോ?
ഉപരോധം പൂര്‍ണ്ണമായും നീക്കാതെ അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് റൂഹാനി പറയുന്നത്

ഇറാനെതിരായ ഉപരോധം നീക്കാനുള്ള സാധ്യത തുറന്നുകാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ഇറാന് താത്പര്യമുള്ളതായി താന്‍ വിശ്വസിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
2015-ല്‍ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ ആണവ കാരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഉപരോധം വലിയ രീതിയില്‍ തന്നെ ഇറാനെ ബാധിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനടക്കമുള്ള രാജ്യങ്ങള്‍ ഇടപെടാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഇടപെടലുകളെല്ലാം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ഇറാന്‍ കുറ്റപ്പെടുത്തുകയാണുണ്ടായത്.
ഇതിന് ശേഷമാണ് ഇന്നലെ വൈറ്റ് ഹൌസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ട്രംപ് പുതിയ പ്രസ്താവനകളുമായി രംഗത്ത് വന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ ഉറ്റ് നോക്കുകയാണ്. അമേരിക്കയുമായി ഒരു കാരാര്‍ ഉണ്ടാക്കാന്‍ ഇറാന് താത്പ്യമുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ഇറാനും ഉത്തരകൊറിയയുമാണ് ഞങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന രണ്ട് രാജ്യങ്ങള്‍. അവര്‍ അവിശ്വസനീയമായ ആളുകളാണ്, ഞങ്ങള്‍ ഒരു ഭരണമാറ്റത്തിനല്ല ശ്രമിക്കുന്നത്. അവരുമായി ഒരു ധാരണയിലെത്താനാണ് ശ്രമിക്കുന്നത് എന്നാണ് ട്രംപ് പറഞ്ഞത്.
അതേ സമയം ട്രംപ് കഴിഞ്ഞ ദിവസം ദേശീയ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടനെ പുറത്താക്കിയിരുന്നു. ഇത് ഇറാനെപ്പോലുള്ള എതിരാളികളോട് അമേരിക്കയുടെ സമീപനം ലഘൂകരിക്കുന്നതിന്റെയും ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ രാജ്യത്തിനു മേലുള്ള ഉപരോധം അമേരിക്ക ഇപ്പോഴും തുടരുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിക്കുന്നത്.
അതിനാല്‍ ഉപരോധം പൂര്‍ണ്ണമായും നീക്കാതെ അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് റൂഹാനി പറയുന്നത്. ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തില്‍ റൂഹാനിയുമായി ട്രംപ് ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടാകില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
Adjust Story Font
16

