Quantcast

വൈറ്റ് ഹൗസിന്‌ സമീപം ഇസ്രയേലിന്റെ ചാരപ്പണിയോ ? നെതന്യാഹുവിന്റെ പ്രതികരണം ഇങ്ങനെ...

വൈറ്റ് ഹൗസ് പരിസരത്തുനിന്നും സ്റ്റിങ് റേയ്സ് എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഒന്നില്‍ കൂടുതല്‍ കണ്ടെടുത്ത സംഭവങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ആരോപണം. 

MediaOne Logo

Web Desk 1

  • Published:

    13 Sept 2019 9:58 AM IST

വൈറ്റ് ഹൗസിന്‌ സമീപം ഇസ്രയേലിന്റെ ചാരപ്പണിയോ ? നെതന്യാഹുവിന്റെ പ്രതികരണം ഇങ്ങനെ...
X

വൈറ്റ് ഹൗസിന്‌ സമീപത്ത് നിന്ന് സ്റ്റിങ് റേയ്സ് ഡിവൈസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇസ്രയേലിന് പങ്കില്ലെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ടെലഫോണ്‍ കോളുകളുടെ ഉള്ളടക്കവും ആളുകളുടെ വിവരങ്ങളും ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതിന് പിന്നില്‍ ഇസ്രയേലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

വൈറ്റ് ഹൗസ് പരിസരത്തുനിന്നും സ്റ്റിങ് റേയ്സ് എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഒന്നില്‍ കൂടുതല്‍ കണ്ടെടുത്ത സംഭവങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ആരോപണം. എന്നാല്‍ വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. അമേരിക്കയുമായി സുദീര്‍‌ഘമായ ബന്ധമാണുള്ളതെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ മേഖലയില്‍ ഇടപെടില്ല എന്നുള്ളത് ഇസ്രായേല്‍ നയമാണെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പെരും നുണയാണെന്നും നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി.

മൊബൈല്‍ ടവറുകള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റിങ് റേ ഉപകരണം മൊബൈല്‍ ഫോണ്‍വഴി ആശയവിനിമയം നടത്തുന്നയാളുടെ ലൊക്കേഷന്‍, വ്യക്തിഗത വിവരങ്ങള്‍, കോളുകളുടെ ഉള്ളടക്കം, ഡാറ്റാ യുസേജ് എന്നിവ മനസിലാക്കാന്‍ സാധിക്കും. മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കന്‍ ന്യൂസ് പോര്‍ട്ടലായ പൊളിറ്റിക്കോയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ചാരവൃത്തി നടത്താനാണ് ഈ സംവിധാനം ഉപയോഗിച്ചതെന്നാണ് ആരോപണം.

എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ സ്റ്റിങ് റേയ്സിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഈ സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് വ്യക്തമാണെന്നുമാണ് വാര്‍ത്തയിലെ ഉള്ളടക്കം. ഇസ്രയേല്‍ മുന്‍പ് ഇത്തരത്തില്‍ ചാരപ്പണി ചെയ്തതിന് തെളിവുകളുണ്ടെന്നും എന്നാല്‍ ഇത്തവണ അവര്‍ ലക്ഷ്യം കണ്ടതിന് തെളിവില്ലെന്നുമാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തത്.

TAGS :

Next Story