തുനീഷ്യയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിജയം പ്രതീക്ഷിച്ച് 26 സ്ഥാനാര്‍ഥികള്‍
മാധ്യമ രംഗത്തും ബിസിനസ് രംഗത്തും കഴിവുതെളിയിച്ച നബീല്‍ കറോയിയാണ് മറ്റൈരു പ്രധാന സ്ഥാനാര്‍ഥി.

തുനീഷ്യയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റായിരുന്ന ബാജി ഖാഇദ് അസ്സബ്സിയുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 26 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ ജൂലൈയിലാണ് തുനീഷ്യന്‍ പ്രസിഡന്റായിരുന്ന ബാജി ഖാഇദ് അസ്സബ്സി അന്തരിച്ചത് . ഇതിനെ തുടര്‍ന്നാണ് ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. നിലവിലെ പ്രധാനമന്ത്രിയായ യൂസുഫ് ഖാഇദാണ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. മുന്‍ പ്രസിഡന്റ് ബാജി ഖാഇദ് അസ്സബ്സിയുടെ നിദാ തൂനിസ് പാര്‍ട്ടിയുടെ നേതാവായിരുന്ന യൂസുഫ് ഖാഇദ് കഴിഞ്ഞ ജനുവരിയില്‍ പാര്‍ട്ടിയിലെ ചില അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടിരുന്നു. മാധ്യമ രംഗത്തും ബിസിനസ് രംഗത്തും കഴിവുതെളിയിച്ച നബീല്‍ കറോയിയാണ് മറ്റൈരു പ്രധാന സ്ഥാനാര്‍ഥി. ഖല്‍ബ് തൂനിസ് എന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് നബീല്‍. പലരും നബീലിനാണ് വിജയ സാധ്യത കണക്കാക്കുന്നത്. നെസ്മ എന്ന തന്റെ ടിവി ചാനലിലൂടെ രാജ്യത്തെ ദരിദ്രരും ദുര്‍ബലരുമായ ആളുകള്‍ക്കു വേണ്ടി നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേട് കേസില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ജൂലൈയില്‍ നബീലിനെ അറസ്റ്റു ചെയ്തിരുന്നു.
71-കാരനായ അബ്ദുല്‍ ഫത്താഹ് മൌറൂ ആണ് ഇസ്‍ലാമിസ്റ്റ്പാര്‍ട്ടിയായ അന്നഹ്ദയുടെ സ്ഥാനാര്‍ഥി. രണ്ട് വനിതാ സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. 2011ലാണ് മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് തുനീഷ്യയില്‍ ജനാധിപത്യ ഭരണം ആരംഭിക്കുന്നത്. പ്രസിഡന്റ് സൈനുൽ ആബിദീ ബിൻ അലിയുടെ 23 വർഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചാണ് മുല്ലപ്പൂ വിപ്ലവം നടന്നത്. തുനീഷ്യയുടെ ജനാധിപത്യ മുന്നേറ്റത്തില്‍ ഏറെ നിര്‍ണായകമാണ് ഇന്നത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
Adjust Story Font
16

