അധിനിവേശ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിനോട് ചേര്‍ക്കാനുള്ള തീരുമാനത്തിന് അംഗീകാരം
പൊതുതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മന്ത്രിസഭാ തീരുമാനം

അധിനിവേശ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിനോട് ചേര്‍ക്കാനുള്ള തീരുമാനത്തിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മന്ത്രിസഭാ തീരുമാനം. നെതന്യാഹുവിന്റെ നീക്കം പ്രകോപനപരമെന്ന് ഫലസ്തീന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‍വരയും ചാവുകടല്‍ പ്രദേശവും ഇസ്രായേലിന്റെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കുനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നെതന്യാഹുവിന്റെ നീക്കം പ്രകോപനപരമെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അൽ മാലികി പറഞ്ഞു.
നെതന്യാഹുവിന്റെ പ്രസ്താവനയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് നേരത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പില്‍ ജയം നേടാമെന്ന കണക്കുകൂട്ടിലാണ് നെതന്യാഹു. ബ്ലൂ ആൻഡ് വൈറ്റ് പാര്‍ട്ടിയാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളികള്‍.
Adjust Story Font
16

