സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയില്‍ ത്രിരാഷ്ട്ര ഉച്ചകോടി
തുര്‍ക്കി സ്ഥാപിക്കുന്ന സുരക്ഷാ ഇടനാഴി സംബന്ധിച്ച് അമേരിക്കയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി

സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയില്‍ ത്രിരാഷ്ട്ര ഉച്ചകോടി.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ എന്നിവരാണ് പങ്കെടുത്തത്. അമേരിക്കയുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത രണ്ട് രാഷ്ട്രങ്ങളെയും ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ച തുര്‍ക്കി, പക്ഷേ, അമേരിക്കയെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ തിങ്കളാഴ്ചയായിരുന്നു യോഗം. ഉച്ചകോടിക്ക് മുന്നോടിയായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാന്‍ എന്നിവര്‍ വെവ്വേറെ കൂടിക്കാഴ്ചകളും നടത്തി. സിറിയയില്‍ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ‌്‌ലിബിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് പ്രധാനമായും മൂന്ന് രാഷ്ട്ര നേതാക്കളും ഒരുമിച്ചിരുന്നത്. അതോടൊപ്പം തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികളുടെ സുരക്ഷിതമായ തിരിച്ചുപോക്കും വടക്കന്‍ സിറിയയില്‍ സ്ഥാപിക്കാന്‍ തുര്‍ക്കി ലക്ഷ്യമിടുന്ന സുരക്ഷാ ഇടനാഴിയും ചര്‍ച്ചയായി. നിലവില്‍ നാല്‍പ്പത് ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികളാണ് തുര്‍ക്കിയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരുമാസമായി ഇദ‌്‌ലിബ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം മേഖലയില്‍ ആക്രമണം ശക്തമാക്കിയതോടെ തുര്‍ക്കിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ ഇടനാഴിയുടെ ആവശ്യകത സംബന്ധിച്ച് ഇറാനെയും റഷ്യേയേയും ബോധ്യപ്പെടുത്താന്‍ തുര്‍ക്കി തീരുമാനിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ഇരുപത് ലക്ഷം അഭയാര്‍ഥികളെ സിറിയയില്‍ തന്നെ താമസിപ്പിക്കാനാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു.
Adjust Story Font
16

