ഇഞ്ചോടിഞ്ച് പോരാട്ടം: നെതന്യാഹുവിന്റെ ഭാവി അനിശ്ചിതത്വത്തില്‍
60 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ലികുഡ് പാര്‍ട്ടി 31 സീറ്റുകളിലും ബ്ലൂ ആന്‍റ് വൈറ്റ് സഖ്യം 32 സീറ്റുകളിലും വിജയിച്ചു.

ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നില പരുങ്ങലില്‍. നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയും മുഖ്യ എതിരാളി ബെന്നി ഗാന്‍സിന്‍റെ ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 60 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ലികുഡ് പാര്‍ട്ടി 31 സീറ്റുകളിലും ബ്ലൂ ആന്‍റ് വൈറ്റ് സഖ്യം 32 സീറ്റുകളിലും വിജയിച്ചു.
120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാരുണ്ടാക്കാന്‍ 61 സീറ്റുകളില്‍ ജയിക്കണം. എന്നാല്‍ നിലവില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ചെറിയ പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും.
എക്സിറ്റ് പോള്‍ ഫലങ്ങളെ സാധൂകരിക്കുന്ന ഫലമാണ് ഇസ്രായേലില്‍ നിന്ന് വരുന്നത്. ബ്ലൂ ആന്‍റ് വൈറ്റ് സഖ്യത്തിന് നേരിയ ലീഡാണ് എക്സിറ്റ് പോള്‍ പ്രവചിച്ചത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുകയുണ്ടായി.
മുന്‍ പ്രതിരോധമന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാകുമെന്നാണ് സൂചന. ലിബര്‍മാന്‍റെ ബെയ്തിനു പാര്‍ട്ടി 10 സീറ്റുകള്‍ വരെ നേടിയേക്കും. എങ്കില്‍ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും ലികുഡ് പാര്‍ട്ടിക്കും ലിബര്‍മാന്‍റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ല. കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചാം തവണയും അധികാരത്തിലെത്താമെന്ന നെതന്യാഹുവിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Adjust Story Font
16

