Quantcast

തോറ്റിട്ടും പിന്മാറാതെ നെതന്യാഹു; എതിരാളിയെ കൂടെക്കൂട്ടി ഗവൺമെന്റുണ്ടാക്കാൻ നീക്കം 

മുൻ പ്രസിഡണ്ട് ഷിമോൺ പെരസിന്റെ മൂന്നാം ചരമവാർഷികത്തിനിടെ ഇരുവരും നേരിൽ കണ്ടെങ്കിലും ഹസ്തദാനം ചെയ്ത് പിരിയുകയാണുണ്ടായത്.

MediaOne Logo

Web Desk

  • Published:

    19 Sept 2019 4:22 PM IST

തോറ്റിട്ടും പിന്മാറാതെ നെതന്യാഹു; എതിരാളിയെ കൂടെക്കൂട്ടി ഗവൺമെന്റുണ്ടാക്കാൻ നീക്കം 
X

പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനു പിന്നാലെ എതിരാളികളെ കൂട്ടുപിടിച്ച് ഭരണത്തിൽ തുടരാനുള്ള ശ്രമവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെൻയമിൻ നെതന്യാഹു. 120 അംഗ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ 97 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് വലിയ ഒറ്റക്കക്ഷിയായ ബ്ലൂ ആന്റ് വൈറ്റ് പാർട്ടിയുടെ പിന്തുണ നെതന്യാഹു അഭ്യർത്ഥിച്ചത്. മധ്യ-ഇടത് പാർട്ടിയായ ബ്ലൂ ആന്റ് വൈറ്റിന്റെ തലവൻ ബെന്നി ഗാന്റ്‌സ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മുൻ സൈനിക ജനറലായ ഗാന്റ്‌സിന്റെ പാർട്ടിക്ക് 33 സീറ്റും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ലിക്കുഡ് അടക്കം വലതുപക്ഷ, തീവ്ര യാഥാസ്ഥിതിക പാർട്ടികൾ ഉൾപ്പെടുന്ന മുന്നണിക്ക് 55 സീറ്റുകളേ നേടാനായുള്ളൂ. ബ്ലൂ ആന്റ് വൈറ്റ് ഉൾപ്പെടുന്ന മധ്യ-ഇടത് മുന്നണിക്ക് 57 സീറ്റും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയിൽ തുടരുന്നതിനായി നെതന്യാഹു ബെന്നി ഗാന്റ്‌സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.

'തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, വലതുപക്ഷ ഭരണകൂടത്തെ വിജയിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു. ദൗർഭാഗ്യവശാൽ അത് അസാധ്യമാണെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങളിൽ വ്യക്തമാകുന്നത്. ബെന്നി, നമ്മൾ ചേർന്ന് ഒരു സഖ്യ ഭരണകൂടം ഉണ്ടാക്കണം. കഴിയുമെങ്കിൽ ഇന്നുതന്നെ. ഉത്തരവാദിത്തം കാണിക്കാനും സഹകരണം സ്ഥാപിക്കാനും രാജ്യം നമ്മെ രണ്ടുപേരെയും ഉറ്റുനോക്കുന്നു. നമുക്ക് ഇന്നു തന്നെ കൂടിക്കാഴ്ച നടത്താം. ഈ പ്രക്രിയയിൽ മുന്നോട്ടുപോകാം. ഇനിയൊരു തെരഞ്ഞെടുപ്പിലേക്ക് പോകാൻ നമുക്ക് കഴിയില്ല. അതിനുള്ള കാരണം ഇല്ല.' - നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതോടെയാണ് ഇസ്രയേലിൽ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഏപ്രിലിൽ 35 വീതം സീറ്റുകളുമായി ലിക്കുഡും ബ്ലൂ ആന്റ് വൈറ്റും ഒപ്പത്തിനൊപ്പമായിരുന്നു.

നെതന്യാഹുവിന്റെ ആഹ്വാനത്തോട് ബെന്നി ഗാന്റ്‌സ് പ്രതികരിച്ചിട്ടില്ല. മുൻ പ്രസിഡണ്ട് ഷിമോൺ പെരസിന്റെ മൂന്നാം ചരമവാർഷികത്തിനിടെ ഇരുവരും നേരിൽ കണ്ടെങ്കിലും ഹസ്തദാനം ചെയ്ത് പിരിയുകയാണുണ്ടായത്. നേരത്തെ, 'അഴിമതിക്കാരനായ' നെതന്യാഹുവുമായി ചേർന്ന് ഗവൺമെന്റ് രൂപീകരിക്കാൻ താൽപര്യമില്ലെന്ന് ഗാന്റ്‌സ് വ്യക്തമാക്കിയിരുന്നു.

എട്ട് സീറ്റിൽ വിജയിച്ച അവിദോർ ലീബർമാന്റെ യിസ്രയേൽ ബെയ്തന്യു പാർട്ടി, ഗവൺമെന്റ് രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ലിക്കുഡ് - ബ്ലൂ ആന്റ് വൈറ്റ് പാർട്ടികൾ ചേർന്നുള്ള വിശാല ഐക്യ ഗവൺമെന്റിനെ താൻ പിന്തുണക്കുന്നതായി തീവ്ര അറബ് വിരോധിയും വലതുപക്ഷ നേതാവുമായ ലീബർമാൻ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story