Quantcast

ലെബനനിലെ ജമ്മാല്‍ ട്രസ്റ്റ് ബാങ്ക് അടച്ച് പൂട്ടാനൊരുങ്ങുന്നു

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബാങ്കിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണ് അടച്ച് പൂട്ടാനൊരുങ്ങുന്നത്

MediaOne Logo

Web Desk 11

  • Published:

    20 Sept 2019 8:46 AM IST

ലെബനനിലെ ജമ്മാല്‍ ട്രസ്റ്റ് ബാങ്ക് അടച്ച് പൂട്ടാനൊരുങ്ങുന്നു
X

ലെബനനിലെ ജമ്മാല്‍ ട്രസ്റ്റ് ബാങ്ക് അടച്ച് പൂട്ടാനൊരുങ്ങുന്നു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന് ധനസഹായം നല്‍കിയെന്നാരോപിച്ച് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബാങ്കിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണ് ബാങ്ക് അടച്ച് പൂട്ടാനൊരുങ്ങുന്നത്. കഴിഞ്ഞമാസമാണ് അമേരിക്ക ജമ്മാല്‍ ട്രസ്റ്റ് ബാങ്കിന് ഉപരോധം ഏര്‍പ്പെടുത്തിയത്. ലെബനിനിലെ ഷിയ ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി, കൂടാതെ ചാവേര്‍ ആക്രമണകാരികളുടെ കുടുംബത്തിന് സഹായം നല്‍കി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്കയുടെ ഈ ആരോപണത്തെ ബാങ്ക് അധികൃതര്‍ പൂര്‍ണ്ണമായും തള്ളുകയാണ് ചെയ്തത്.

ജമ്മാല്‍ ട്രസ്റ്റ് ബാങ്കിലെ എല്ലാ ഇടപാടുകളും നിയമാനുസൃതമാണെന്നാണ് അധികൃതര്‍ പറയുന്നത്. ബങ്ക് അടച്ച് പൂട്ടുന്ന സാഹചര്യത്തില്‍ എല്ലാ ബാധ്യതകളും തിരിച്ചടക്കാന്‍ ബാങ്ക് പര്യാപതമാണെന്നും പറഞ്ഞു. ബാങ്കിന് ലെബനനില്‍ 25 ശാഖകളും നൈജീരിയ ഐവറികോസ്റ്റ് ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ പ്രധിനിധി ഓഫീസുകളുമാണ് ഉള്ളത്. താരതമ്യേന ചെറിയ വായ്പകളാണ് ഇവര്‍ നല്‍കുന്നത്. 2017-ലെ വാര്‍ഷിക കണക്കുകള്‍ പ്രകാരം 1600 ബില്യന്‍ ലെബനന്‍ പൌണ്ട് ഏകദേശം 1 ബില്യന്‍ യു എസ് ഡോളറാണ് ബാങ്കിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം ഇറാനുമായുള്ള ആണവ കാരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ലോക വ്യാപകമായി ഹിസ്ബുള്ളക്ക് ലഭിക്കുന്ന ധനസഹായം തടയാന്‍ അമേരിക്ക ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ജമ്മാല്‍ ട്രസ്റ്റ് ബാങ്കിനും ഉപരോധം ഏര്‍പ്പെടുത്തിയത്.

TAGS :

Next Story