ആക്രമണമുണ്ടായാൽ തിരിച്ചടിക്കും, തുറന്ന യുദ്ധത്തിലെത്തും: ഇറാൻ
അതേസമയം, ഉപരോധം ശക്തമാക്കുന്നതടക്കമുള്ള നീക്കങ്ങളാണ് ഇറാനെതിരെ നടത്തുകയെന്നും യുദ്ധം അടിയന്തര പരിഗണനയിൽ ഇല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോംപിയോ പറഞ്ഞു

തങ്ങൾക്കെതിരെ സൈനിക നടപടിക്ക് അമേരിക്ക മുതിർന്നാൽ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്ന് ഇറാൻ. സൗദി അരാംകോക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് സൗദി സൈനിക വക്താവ് സ്ഥിരീകരിച്ചതിനു പിന്നാലെ, ഇറാനെതിരെ സൈനിക നീക്കമുണ്ടാകുമെന്ന് അമേരിക്ക സൂചന നൽകിയിരുന്നു. സൈനിക നീക്കമുണ്ടായാൽ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.
'ഗൗരവമുള്ള ഒരു പ്രസ്താവനയാണ് ഞാൻ നടത്തുന്നത്. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. സൈനിക ഏറ്റുമുട്ടലിൽ ഏർപ്പെടാൻ ഞങ്ങൾക്ക് താൽപര്യവുമില്ല. പക്ഷേ, ഞങ്ങളുടെ പ്രദേശം കണ്ണിമ ചിമ്മാതെ ഞങ്ങൾ പ്രതിരോധിക്കും.' സരിഫ് പറഞ്ഞു. അമേരിക്ക ആക്രമണം നടത്തിയാൽ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉപരോധം ശക്തമാക്കുന്നതടക്കമുള്ള നീക്കങ്ങളാണ് ഇറാനെതിരെ നടത്തുകയെന്നും യുദ്ധം അടിയന്തര പരിഗണനയിൽ ഇല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോംപിയോ പറഞ്ഞു: 'ഇറാന്റെ വിദേശമന്ത്രി തുറന്ന യുദ്ധപ്രഖ്യാപനം നടത്തുകയും അവസാനത്തെ അമേരിക്കൻ പൗരനോടും പോരാടുമെന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ്. ഞങ്ങൾ ചെയ്യുന്നത് ഇപ്പോഴത്തെ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.' പോംപിയോ പറഞ്ഞു.
സൗദി അരാംകോക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണം യുദ്ധസമാനമായ നടപടിയാണെന്ന് സൗദി സന്ദർശിച്ച പോംപിയോ ഇന്നലെ പറഞ്ഞിരുന്നു. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തിനൊപ്പമാണെന്നു വ്യക്തമാക്കിയ പോംപിയോ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുമായും ചർച്ച നടത്തും.
Adjust Story Font
16

