ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ വിട്ടയച്ചു
രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിന് ഒടുവിലാണ് കപ്പൽ മോചിപ്പിക്കാനുള്ള തീരുമാനം.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പൽ സ്റ്റെന ഇംപരോ വിട്ടയച്ചു. രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിന് ഒടുവിലാണ് കപ്പൽ മോചിപ്പിക്കാനുള്ള തീരുമാനം. അവശേഷിച്ചിരുന്ന 16 കപ്പൽ ജീവനക്കാരും മോചിതരായി.
യൂറോപ്യൻ യൂനിയൻ ഉപരോധം നിലനിൽക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്‍റെ എണ്ണ കപ്പൽ ജിബ്രാൾട്ടറിൽ തടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പൽ സ്റ്റെന ഇംപരോ തെഹ്റാൻ പിടിച്ചെടുത്തത്. ഇതേ തുടർന്ന് ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകൾ ബ്രിട്ടൻ മേഖലയിലേക്ക് അയക്കുകയും ചെയ്തു.
ആഗസ്റ്റ് 18ന് ജിബ്രാർട്ടർ കോടതി ഇറാൻ കപ്പൽ വിട്ടയച്ചതോടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാൻ ആരംഭിച്ചത്. എട്ട് ജീവനക്കാരെ നേരത്തെ ഇറാൻ മോചിപ്പിച്ചിരുന്നു. സാങ്കേതിക തടസങ്ങൾ അവസാനിച്ചതായും എണ്ണ കപ്പലിന് സ്വതന്ത്രമായി നീങ്ങാമെന്നും ഇറാൻ നേതൃത്വം അറിയിച്ചു.
സ്വീഡിഷ് ഉടമസ്ഥയിലുള്ള സ്റ്റെന ഇംപരോ ബ്രിട്ടന്‍റെ പതാകയാണ് വഹിക്കുന്നത്. രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിതത്വം അവസാനിച്ചതിൽ ഇന്ത്യക്കാർ ഉൾപ്പെടെ കപ്പലിൽ ബാക്കിയുള്ള 16 ജീവനക്കാരും ആഹ്ലാദത്തിലാണ്. എത്രയും പെട്ടെന്ന് ഇറാൻ സമുദ്ര പരിധിയിൽ നിന്ന് നീങ്ങുമെന്ന് കപ്പൽ ഉടമസ്ഥർ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് കപ്പൽ പിടികൂടിയതെന്ന ഇറാന്‍റെ വിശദീകരണം പക്ഷെ ബ്രിട്ടനും അമേരിക്കയും തള്ളുകയാണ്.
Adjust Story Font
16

