റോഡ് നന്നാക്കിയില്ല; മേയറെ വാഹനത്തിന് പിന്നില്‍ കെട്ടിവലിച്ച് നാട്ടുകാര്‍
പക്ഷേ അവരുടെ പ്രചാരണ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ആക്രമിക്കുന്നത് അപൂര്‍വമാണ്.

റോഡ് നന്നാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മേയറെ ഓഫീസില്‍ നിന്നു വലിച്ചിറക്കി ട്രക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് നാട്ടുകാര്‍. തെക്കന്‍ മെക്സിക്കോയിലാണ് സംഭവം. ലാസ് മര്‍ഗരിതാസിലെ മേയർ ജോർജ്ജ് ലൂയിസ് എസ്കാൻഡൻ ഹെർണാണ്ടസിനെയാണ് നാട്ടുകാര്‍ റോഡിലൂടെ കെട്ടിവലിച്ചത്. സംഭവത്തില്‍ മേയര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നും 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഇടപെട്ടാണ് മേയറെ മോചിപ്പിച്ചത്.
പ്രാദേശിക റോഡ് നന്നാക്കുമെന്ന പ്രചാരണ വാഗ്ദാനം നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ രണ്ടാമത്തെ ആക്രമണമാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിയാപാസിലെ ഗ്രാമത്തിലേക്ക് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മെക്സിക്കോയിലെ മേയർമാരെയും പ്രാദേശിക രാഷ്ട്രീയക്കാരെയും മയക്കുമരുന്ന് സംഘങ്ങൾ അവരുടെ വഴിവിട്ട ഇടപാടുകളുമായി സഹകരിക്കാൻ വിസമ്മതിക്കുമ്പോൾ പലപ്പോഴും ലക്ഷ്യംവെക്കാറുണ്ട്. പക്ഷേ അവരുടെ പ്രചാരണ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ആക്രമിക്കുന്നത് അപൂര്‍വമാണ്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഒരു കൂട്ടം ആളുകൾ മേയറെ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി വാഹനത്തിന്റെ പുറകിലേക്ക് ബന്ധിക്കുന്നതും റോഡിലൂടെ കെട്ടിവലിക്കുന്നതും ഓഫീസിന് പുറത്തുണ്ടായിരുന്ന കാഴ്ചക്കാർ പകര്‍ത്തിയ വീഡിയോയിൽ വ്യക്തമാണ്. പൊലീസുകാര്‍ വാഹനം തടഞ്ഞു നിർത്തിയാണ് മേയറെ രക്ഷപ്പെടുത്തിയത്. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും മേയറെ തട്ടിക്കൊണ്ടുപോയവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
Adjust Story Font
16

