മോഷ്ടാവിന്റെ നല്ല മനസ്സിനെ വൈറലാക്കി സോഷ്യല്‍മീഡിയ
വൃദ്ധയുടെ നെറ്റിയില്‍ സ്നേഹചുമ്പനവും കൂടി നല്‍കിയാണ് മോഷ്ടാക്കള്‍ മടങ്ങിയത്.

കള്ളനാണെങ്കിലും മാന്യനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മോഷ്ടാവ്. ബ്രസീലിലെ ഒരു ഫാര്‍മസിയില്‍ ആയുധധാരികളായ രണ്ടുപേര്‍ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് അതിലൊരാളുടെ നല്ല പ്രവൃത്തി നിരീക്ഷണ കാമറകള്‍ ഒപ്പിയെടുത്തത്.
ഫാര്‍മസിയിലെ പണവും ചില വസ്തുക്കളും കൈക്കലാക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന വൃദ്ധ തന്റെ കൈവശമുള്ള പണവും മോഷ്ടാവിന് നേരെ നീട്ടുകയായിരുന്നു. എന്നാല്‍ വൃദ്ധയുടെ പണം നിരസിക്കുക മാത്രമല്ല, മറിച്ച് അവരുടെ നെറ്റിയില്‍ ഒരു സ്നേഹചുംബനവും കൂടി നല്‍കിയാണ് മോഷ്ടാക്കള്‍ മടങ്ങിയത്.
ചൊവ്വാഴ്ച്ചയാണ് വടക്കുകിഴക്കന്‍ ബ്രസീലിലെ അമരാന്റയില്‍ ഒരു ഫാര്‍മസിയിലേക്ക് ആയുധങ്ങളുമായി മോഷ്ടാക്കള്‍ അതിക്രമിച്ചു കടന്നത്. അയല്‍വാസിയായ വൃദ്ധയെ കൂടാതെ കടയുടമ സാമുവലും ഒരു ജോലിക്കാരനും മാത്രമാണ് ഫാര്‍മസിയിലുണ്ടായിരുന്നത്. 1000 ഡോളറും കടയിലെ ചില സാധനങ്ങളുമായാണ് മോഷ്ടാക്കള്‍ പിന്നീടു കടന്നു കളഞ്ഞത്.
സോഷ്യല്‍ മീഡിയയുടെ വെത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെ ഈ അസാധാരണ മോഷണ വീഡിയോ വളരെ വേഗത്തിലാണ് പ്രചരിച്ചത്. മോഷ്ടാവിന്‍റെ പ്രവര്‍ത്തിയില്‍ സമ്മിശ്ര പ്രതികരണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
സൈനിക പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ഒരു മോഷ്ടാവ് ബാങ്ക് ബാലന്‍സ് ചെക്ക് ചെയ്ത ശേഷം മോഷ്ടിക്കപ്പെട്ടയാള്‍ക്ക് തന്നെ പണം തിരികെ നല്‍കിയതും വലിയ വാര്‍ത്താ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Adjust Story Font
16

