കണ്ടെയ്‍നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ അറസ്റ്റില്‍
25 വയസ്സുകാരനായ അയര്‍ലന്റ് സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രിട്ടനിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി. എസക്‌സിലെ വാട്ടര്‍ഗ്ലേഡ് വ്യവസായ പാര്‍ക്കിലെത്തിയ ലോറി കണ്ടെയ്‌നറില്‍ നിന്നാണ് 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ 25 വയസ്സുകാരനായ അയര്‍ലന്റ് സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ബള്‍ഗേരിയയില്‍ നിന്ന് യാത്ര തുടങ്ങിയ കണ്ടെയ്‍നര്‍ ഹോളിഹെഡ് വഴി ശനിയാഴ്ചയാണ് ബ്രിട്ടനിലെത്തിയത്. പൊലീസ് സംഘം ലോറി പരിശോധിച്ചപ്പോഴാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് കൂട്ടക്കുരുതിയുടെ വാര്‍ത്ത പുറത്തുവന്നത്. 38 മുതിര്‍ന്നവരുടെയും ഒരു കൌമാരക്കാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. കൊല്ലപ്പെട്ടവര്‍ ആരാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്തുന്നത് ഏറെ ശ്രമകരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ മറൈനര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത ഡ്രൈവറെ പൊലീസ് ചോദ്യംചെയ്യുകയാണ്. അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ലോറിയിൽ ബ്രിട്ടനിലേക്ക് മനുഷ്യരെ കടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത് എന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ചനിലയിൽ കണ്ടെത്തിയവര്‍ ബ്രിട്ടനിലേക്ക് കുടിയേറാൻ ശ്രമിക്കുകയായിരുന്നുവെന്നും നാലു ദിവസമായി കണ്ടെയ്‌നറിൽ തന്നെയായിരുന്നു എന്നുമാണ് സൂചന.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരെയും അവരുടെ ബന്ധുക്കളെയും കുറിച്ചാണ് തന്‍റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. സംഭവം അതിദാരുണവും ഞെട്ടിക്കുന്നതുമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേല്‍ പ്രതികരിച്ചു.
Shocked & saddened by this utterly tragic incident in Grays. Essex Police has arrested an individual and we must give them the space to conduct their investigations.
— Priti Patel MP (@patel4witham) October 23, 2019
Adjust Story Font
16

