കുറ്റവാളി കൈമാറ്റ ബില്‍ ഹോങ്കോങ് റദ്ദാക്കി
1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997-ല്‍ ബ്രിട്ടന്‍ ചൈനക്ക് കൈമാറിയതിന് ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്

കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് പിന്‍വലിച്ചു. ബില്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മാസങ്ങളോളം നീണ്ട പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഹോങ്കോങ്ങില്‍ അരങ്ങേറിയിരുന്നു. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് വിട്ടുനല്‍കുന്നതായിരുന്നു ബില്‍.
ബില്‍ ഔപചാരികമായി പിന്‍വലിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോണ്‍ ലീ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. സഭാംഗങ്ങളില്‍ ചിലര്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സംവാദത്തിന് നിയമം അനുവദിക്കുന്നില്ലെന്ന് സഭാ അധ്യക്ഷന്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു.
ബില്‍ ഏപ്രിലിലാണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ലക്ഷകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചതോടെ ബില്‍ താത്ക്കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ബില്‍ നിയമമാക്കാനുള്ള നീക്കം പൂര്‍ണ്ണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മധ്യ ഹോങ്കോങ്ങിലെ വിക്ടോറിയ ചത്വരത്തില്‍നടന്ന പ്രതിഷേധറാലിയില്‍ പത്തുലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുത്തിരുന്നു. ബില്ലിനെതിരെ തെരുവിലിറങ്ങിയ ജനാധിപത്യവാദികള്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞും തെരുവില്‍ തീയിട്ടും പൊതുസ്ഥാപനങ്ങള്‍ തകര്‍ത്തും പ്രതിഷേധിച്ചിരുന്നു.
ഭരണാധികാരി കരീ ലാം രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയെ പിന്തുണക്കുന്നയാളാണ് ലാം. 1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997-ല്‍ ബ്രിട്ടന്‍ ചൈനക്ക് കൈമാറിയതിന് ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്
Adjust Story Font
16

