Quantcast

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു; ഇറാഖിലെ മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം  

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും മിസൈലാക്രമണം. അമേരിക്കന്‍ സൈനികര്‍ തമ്പടിച്ച എയര്‍ ബേസിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

MediaOne Logo

Web Desk

  • Published:

    5 Jan 2020 8:44 AM IST

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു; ഇറാഖിലെ മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം  
X

സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. ഖാസിം സുലൈമാനിയുടെ ചോരക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിട്ടില്ല.

ബഗ്‍ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും, തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെ അല്‍ബലദ് എയര്‍ബേസിലുമാണ് രാത്രി റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കന്‍ സേന തമ്പടിച്ചിരുന്ന ബേസായിരുന്നു ഇത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓപ്പറേഷന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. റഷ്യന്‍ നിര്‍മിത കറ്റ്യൂഷ റോക്കറ്റുകളാണ് എയര്‍ബേസില്‍ പതിച്ചതെന്ന് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഇറാനിലെ ജംകര്‍ആന്‍ പള്ളിക്ക് മുകളില്‍ ചുവന്ന കൊടി ഉയര്‍ത്തിയത് പരമ്പരാഗത രീതിയിലുള്ള യുദ്ധസൂചനയാണെന്ന വാര്‍ത്തകളുണ്ട്. ഇന്ന് രാത്രി മുതല്‍ ഇറാഖി പട്ടാളം യു.എസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന് ഹിസ്ബുല്ല നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങളുടെ ഭാഗമായി ഇറാഖ് പ്രസിഡന്റ് അബ്ദുല്‍ മഹ്ദി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണില്‍ സംസാരിച്ചു.

ഖത്തര്‍ വിദേശകാര്യമന്തി ശൈഖ് മുഹമ്മദ് ആല്‍ഥാനി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി. പല രാജ്യങ്ങളിലും അമേരിക്കന്‍ എംബസികള്‍ക്ക് മുന്നില്‍ ഇറാനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടന്നു. അതേസമയം, കൂടുതല്‍ സേനയെ ഗള്‍ഫില്‍ വിന്യസിക്കുന്ന തിരക്കിലാണ് അമേരിക്ക.

TAGS :

Next Story