Quantcast

ഫിൻലാന്റിൽ തൊഴിൽദിനങ്ങൾ ആഴ്ചയിൽ നാല് മാത്രമോ? യാഥാർത്ഥ്യം ഇതാണ്

34-കാരിയായ ഫിൻലാന്റ് പ്രധാനമന്ത്രി സന്ന മരിൻ ആഴ്ചയിൽ തൊഴിൽദിനം 24 മണിക്കൂർ മാത്രമായി കുറക്കാൻ ഇടപെടുന്നുവെന്ന വാർത്ത അമേരിക്കയും ഇന്ത്യയുമടക്കമുള്ള ലോകരാജ്യങ്ങളിലെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

MediaOne Logo

  • Published:

    9 Jan 2020 1:14 PM IST

ഫിൻലാന്റിൽ തൊഴിൽദിനങ്ങൾ ആഴ്ചയിൽ നാല് മാത്രമോ? യാഥാർത്ഥ്യം ഇതാണ്
X

തൊഴിൽ ദിനങ്ങളുടെ എണ്ണം ആഴ്ചയിൽ നാലായി പരിമിതപ്പെടുത്താനും ജോലിസമയം ആറു മണിക്കൂറായി കുറക്കാനും ഫിൻലാന്റ് ഭരണകൂടം ഒരുങ്ങുന്നുവെന്ന വാർത്തകൾ തെറ്റെന്ന് വിശദീകരണം. സമൂഹമാധ്യമങ്ങളിൽ തരംഗമായ വാർത്തക്കെതിരെ ഫിന്നിഷ് ഗവൺമെന്റ് വക്താവ് പൈവി അന്തികോസ്‌കിയാണ് രംഗത്തുവന്നിരിക്കുന്നത്. വൈറലായ വാർത്തയുടെ കാരണക്കാരിയും 'ന്യൂ യൂറോപ്പ്' റിപ്പോർട്ടറുമായ സോയ് ദിദിലി വാർത്തയിൽ പിഴവുണ്ടെന്ന് സമ്മതിച്ചു.

34-കാരിയായ ഫിൻലാന്റ് പ്രധാനമന്ത്രി സന്ന മരിൻ ആഴ്ചയിൽ തൊഴിൽദിനം 24 മണിക്കൂർ മാത്രമായി കുറക്കാൻ ഇടപെടുന്നുവെന്ന വാർത്ത അമേരിക്കയും ഇന്ത്യയുമടക്കമുള്ള ലോകരാജ്യങ്ങളിലെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതിന് വലിയ പ്രചാരം ലഭിച്ചു. എന്നാൽ, മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നാണ് പൈവി അന്തികോസ്‌കി വിശദീകരിക്കുന്നത്.

'ആഴ്ചയിൽ നാല് ദിവസവും ദിവസം ആറ് മണിക്കൂറും മാത്രം ജോലി എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടില്ല. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. തൊഴിൽദിനങ്ങളുടെ എണ്ണം ഒന്നുകിൽ ആഴ്ചയിൽ നാല് ദിവസമാക്കുക, അല്ലെങ്കിൽ തൊഴിൽ മണിക്കൂറുകളുടെ എണ്ണം ആറായി കുറക്കുക എന്ന ആശയം അവർ കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ചർച്ചക്കിടെ മുന്നോട്ടുവെച്ചിരുന്നു. അന്ന് അവർ പ്രധാനമന്ത്രിയല്ല, ഗതാഗത മന്ത്രിയായിരുന്നു. അതുസംബന്ധിച്ച് പുതിയ സംഭവവികാസങ്ങളൊന്നുമില്ല.'
പൈവി അന്തികോസ്‌കി, ഫിന്‍ലാന്റ് ഭരണകൂട വക്താവ്

അന്ന മരിൻ പ്രധാനമന്ത്രിയായ സഖ്യകക്ഷി ഗവൺമെന്റ് തൊഴിൽദിനങ്ങൾ കുറക്കുന്നതു സംബന്ധിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ചുള്ള ചർച്ചകൾ മന്ത്രിസഭയുടെ പരിഗണനയിൽ ഇല്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് അന്ന മരിൻ ഒരു പാനൽ ചർച്ചക്കിടെ തൊഴിൽദിനങ്ങൾ സംബന്ധിച്ച തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

'എട്ട് മണിക്കൂർ ജോലിസമയം എന്നത് ഖണ്ഡിതമായ സത്യമാണോ? ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പവും ഹോബികൾക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും ചെലവഴിക്കാൻ കൂടുതൽ സമയം വേണമെന്നാണ് എന്റെ അഭിപ്രായം. അത് ജോലിജീവിതത്തിൽ നമ്മുടെ അടുത്ത ചുവട് ആയി മാറിയേക്കാം. ജോലിസമയം കുറക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ അനുവദിക്കപ്പെടണം. മതിയായ ശമ്പളത്തോടുകൂടി നാല് ദിവസം, ആറു മണിക്കൂർ ജോലി എന്നത് ഇപ്പോൾ ഒരു ഉട്ടോപ്യൻ ആശയം ആയിരിക്കാം. എന്നാൽ, ഭാവിയിൽ അത് യാഥാർത്ഥ്യമാകാനിടയുണ്ട്.'

എന്നായിരുന്നു അവരുടെ വാക്കുകൾ.

'ന്യൂ യൂറോപ്പ്' എന്ന മാധ്യമത്തിന്റെ ഓൺലൈൻ പതിപ്പിലാണ് ഫിൻലാന്റ് നാല് ദിവസം - ആറുമണിക്കൂർ ജോലി നടപ്പിലാക്കാൻ പോകുന്നുവെന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തു. മലയാള മാധ്യമങ്ങളും ഇത് പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോർട്ട് ചെയ്തു. എന്നാൽ, വാർത്ത തയ്യാറാക്കുന്നതിനായി താൻ ആശ്രയിച്ച ഫിന്നിഷ് ഭാഷയിലുള്ള സ്രോതസ്സിൽ പിഴവുകളുണ്ടെന്ന് ന്യൂ യൂറോപ്പ് റിപ്പോർട്ടർ സോയ് ദിദിലി പറഞ്ഞു. ന്യൂ യൂറോപ്പ് ഈ വാർത്ത തിരുത്തുകയും ചെയ്തു.

TAGS :

Next Story