Quantcast

ആണവകരാർ ലംഘിച്ച ഇറാനെതിരെ യൂറോപ്യൻ രാജ്യങ്ങൾ; കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്  

MediaOne Logo

Web Desk

  • Published:

    15 Jan 2020 2:20 AM IST

ആണവകരാർ ലംഘിച്ച ഇറാനെതിരെ യൂറോപ്യൻ രാജ്യങ്ങൾ; കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്  
X

ആണവ കരാർ വ്യവസ്ഥകൾ ലംഘിച്ച ഇറാന് കർശന മുന്നറിയിപ്പുമായി യൂറോപ്യൻ യൂനിയനും അമേരിക്കയും. ഇറാന് മേല്‍ യു.എൻ ഉപരോധ നടപടികൾ തുടങ്ങാന്‍ യൂറോപ്യൻ യൂനിയൻ തീരുമാനിച്ചു. കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. അതിനിടെ യുക്രെയിൻ വിമാന ദുരന്തത്തിൽ കുറ്റക്കാരായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ അറിയിച്ചു.

2015ൽ രൂപം നൽകിയ ഇറാൻ ആണവ കരാർ വ്യവസ്ഥകൾ ഇനി ബാധകമായിരിക്കില്ലെന്ന് ഈ മാസം അഞ്ചിന് തെഹ്റാൻ പ്രഖ്യാപിച്ചിരുന്നു. യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ നിജപ്പെടുത്തുന്ന വ്യവസ്ഥയും ഇറാൻ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയനു വേണ്ടി കരാറിൽ ഭാഗഭാക്കായ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ രാജ്യങ്ങൾ യോഗം ചേർന്നതും ഇറാനെതിരെ യു.എൻ ഉപരോധ നടപടികൾ ഉൾപ്പെടെയുള്ള പ്രക്രിയക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചതും. സമ്മർദത്തിലൂടെ ഇറാനെ ചർച്ചയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ പറഞ്ഞു. യൂറോപ്യൻ യൂനിയന്റെ ദുർബലാവസ്ഥക്ക് തെളിവാണ് തീരുമാനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേ സമയം ഇറാന്റെ ഭാഗത്തു നിന്ന് കടന്നാക്രമണം ഉണ്ടായാൽ തങ്ങളുടെതായ നിലക്കായിരിക്കും അതവസാനിപ്പിക്കുകയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ മുന്നറിയിപ്പ് നൽകി. അതേസമയം യുക്രെയിൻ വിമാന ദുരന്തത്തിൽ കുറ്റക്കാരായ സൈനികരെ അറസ്റ്റ് ചെയ്തതായും പ്രത്യേക ട്രിബ്യൂണലിനു ചുവടെ നിയമ നടപടികൾ തുടരുമെന്നും ഇറാൻ അറിയിച്ചു. യുക്രെയിൻ വിമാനദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലണ്ടനിൽ അഞ്ചു രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനിരിക്കെയാണ് ഇറാന്റെ തിരക്കിട്ട നടപടി.

TAGS :

Next Story