Quantcast

ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക

ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നായിരുന്നു പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പെൻറഗൺ നേതൃത്വവും അറിയിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    17 Jan 2020 11:32 PM IST

ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക
X

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നായിരുന്നു പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പെൻറഗൺ നേതൃത്വവും അറിയിച്ചിരുന്നത്. ഇറാഖിൽ നിർത്തി വെച്ച ഐ.എസ് വിരുദ്ധ പോരാട്ടം യു.എസ് സൈന്യം പുനരാരംഭിച്ചതായ വാർത്തയും അധികൃതർ നിഷേധിച്ചു.

ജനുവരി എട്ടിനാണ് ഇറാഖിലെ ഐനുൽ അസദ്, ഇർബിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ 22 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. സൈനികർക്ക് പരിക്കില്ലാത്തതിനാൽ തുടർ ആക്രമണങ്ങൾ ഉപേക്ഷിക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ 11 പേർക്ക് പരിക്കേറ്റതായി ബഗ്ദാദിലെ യു.എസ് സൈനിക കമാൻഡ് വക്താവ് കേണൽ മിൽസ് കാഗിൻസ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതാദ്യമായാണ് അമേരിക്കയുടെ സ്ഥിരീകരണം ഉണ്ടാകുന്നത്.

സൈനികരെ വിമാന മാർഗം വിദഗ്ധ ചികിൽസക്കായി കുവൈത്ത്, ജർമ്മനി എന്നിവിടങ്ങളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ പിന്നീടും മൂന്നു തവണ റോക്കറ്റാക്രമണം നടന്നിരുന്നു. അതിനിടെ, ഇറാഖിൽ നിർത്തിവെച്ച സംയുക്ത ഓപറേഷൻ അമേരിക്കൻ സൈന്യം പുനരാരംഭിച്ചുവെന്ന വാർത്തയും അധികൃതർ തള്ളി. യു.എസ് സൈന്യം രാജ്യം വിടണം എന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇറാഖ് സർക്കാർ അറിയിച്ചു.

അമേരിക്കൻ സൈന്യത്തെ പുറന്തള്ളണമെന്ന ആവശ്യം ഉന്നയിച്ച് മുക്തദ അൽ സദ്ർ ആഹ്വാനം ചെയ്ത് പ്രക്ഷോഭവും തുടരുകയാണ്. യു.എസ് സൈന്യം ഗൾഫിൽ നിന്ന് പുറത്തു പോകണം എന്ന ആവശ്യം ഇറാനും ആവർത്തിച്ചു. ഇറാനിലെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്ന് ജുമുഅ ഖുതുബ നടത്തും. 2012നു ശേഷം ഇതാദ്യമായി ഖുതുബ നിർവഹിക്കുന്ന ഖാംനഇ യു.എസിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകും എന്നാണ് സൂചന.

TAGS :

Next Story