Quantcast

യുദ്ധം ഒഴിവാക്കാൻ സംഭാഷണത്തിനുള്ള അവസരം ഇനിയുമുണ്ടെന്ന് അമേരിക്കയോട് ഇറാൻ

അതിനിടെ, ഗൾഫ് പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം ഉറപ്പാക്കാൻ ഖത്തർ ഉൾപ്പെടെയുളള രാജ്യങ്ങൾ നടപടി ഊർജിതമാക്കി

MediaOne Logo

Web Desk

  • Published:

    17 Jan 2020 8:36 AM IST

യുദ്ധം ഒഴിവാക്കാൻ സംഭാഷണത്തിനുള്ള അവസരം ഇനിയുമുണ്ടെന്ന് അമേരിക്കയോട് ഇറാൻ
X

യുദ്ധം ഒഴിവാക്കാൻ സംഭാഷണത്തിനുള്ള അവസരം ഇനിയുമുണ്ടെന്ന് അമേരിക്കയോട് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. 2015ലെ ആണവ കരാറിലേക്ക് അമേരിക്ക തിരിച്ചുവരാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം യുറേനിയും സമ്പുഷ്ടീകരണ തോത് നിജപ്പെടുത്തുന്ന പ്രശ്നമില്ലെന്ന ഇറാൻ നിലപാട് വൻശക്തി രാജ്യങ്ങളും തെഹ്റാനുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കി.

യാഥാർഥ്യബോധത്തോടെയുളള നടപടികൾ സ്വീകരിച്ചാൽ ഗൾഫ് മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം ഇല്ലാതാക്കാനാവുമെന്ന് അമേരിക്കയോട് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. അധാർമ്മിക നടപടികളിലൂടെ ഇറാനെ അമർച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണം. ആണവ പദ്ധതിയുമായി രാജ്യം മുന്നോട്ടു തന്നെ പോകും. 2015ന്‍റെ ആണവ കരാറിന്‍റെ സമയത്തുള്ളതിനേക്കാൾ മികച്ച പുരോഗതി ഇപ്പോൾ പദ്ധതിക്കുണ്ടെന്നും റൂഹാനി വ്യക്തമാക്കി. മാനദണ്ഡങ്ങൾ മറികടന്ന് യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനം നിർഭാഗ്യകരമാണെന്ന് ആണവ കരാറിന്‍റെ ഭാഗമായ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കാൻ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഗൾഫ് രാജ്യങ്ങളും ആശങ്കയോടെയാണ് നോക്കി കാണുന്നത്. കരാർ ദുർബലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ വൻശക്തി രാജ്യങ്ങൾ പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. കഴിഞ്ഞ ദിവസം യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെക്കു മുമ്പാകെയും നേതാക്കൾ ഉത്കണ്ഠ അറിയിച്ചിരുന്നു.

അതിനിടെ, ഗൾഫ് പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം ഉറപ്പാക്കാൻ ഖത്തർ ഉൾപ്പെടെയുളള രാജ്യങ്ങൾ നടപടി ഊർജിതമാക്കി. ഒമാൻ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളും സമാധാന നീക്കവുമായി രംഗത്തുണ്ട്.

TAGS :

Next Story