ഹാരിയും മേഗനും രാജകീയ പദവികള്‍ ഒഴിഞ്ഞു
രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി - മേഗന്‍ ദമ്പതികള്‍ കാനഡയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ രാജകുടുംബാംഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഒഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി - മേഗന്‍ ദമ്പതികള്‍ കാനഡയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജകീയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി - മേഗന്‍ ദമ്പതികളുടെ ആവശ്യത്തിന് അന്തിമ തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു. രാജകീയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22 കോടി രൂപയോളമാണ്. ഇതും ഹാരി - മേഗന്‍ ദമ്പതികള്‍ വേണ്ടെന്ന് വച്ചു. 'ഡ്യൂക്ക് ഓഫ് സസെക്സ്' ഹാരി, 'ഡച്ചസ് ഓഫ് സസെക്സ്' മേഗന്‍ എന്നീ പേരുകളില്‍ മാത്രമേ ഇരുവരും ഇനി അറിയപ്പെടുകയുള്ളൂ. കൂടാതെ, ഇരുവര്‍ക്കും 'ഹിസ് റോയല്‍ ഹൈനസ്', 'എവരി റോയല്‍ ഹൈനസ്' എന്നീ രാജകീയ തലക്കെട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
തന്‍റെ കൊച്ചുമകനും കുടുംബത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വ്യക്തമാക്കി. അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയുകയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു.
കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്. രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനം വന്നത്.
Adjust Story Font
16

