ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് സെനറ്റില്‍ തുടക്കം
ആദ്യദിനത്തെ പ്രക്ഷുബ്ധമാക്കിയത് വിചാരണ നടപടികളെച്ചൊല്ലിയുള്ള തര്‍ക്കം; വൈറ്റ് ഹൌസ് രേഖകള്‍ വിളിച്ചുവരുത്തുന്നത് തടയാന്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന്റെ ശ്രമം.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ സെനറ്റില്‍ തുടങ്ങി. വിചാരണ നടപടികളെച്ചൊല്ലിയുള്ള ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ തര്‍ക്കമാണ് ആദ്യദിനത്തെ പ്രക്ഷുബ്ധമാക്കിയത്. ട്രംപിനെതിരായ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റ് വോട്ടിനിട്ട് തള്ളി.

ആറുദിനങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് സെനറ്റിലെ ട്രംപിനെതിരായ ഇംപീച്ച്മെന്റ് വിചാരണാ നടപടി. വിചാരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് സെനറ്റിലെ മുതിര്‍ന്ന അംഗവും ഡെമോക്രാറ്റിക് നേതാവുമായ ചെക് ഷുമര്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കി. ഇതോടെ വാദങ്ങള്‍ കേള്‍ക്കാന്‍ ഇരുവിഭാഗത്തിനും ഓരോ ദിവസങ്ങള്‍ കൂടി അനുവദിച്ചു.

നൂറംഗ സെനറ്റില്‍ 67പേരുടെ പിന്തുണയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാകാന്‍ വേണ്ടത്. കുറ്റക്കാരനാണെന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിച്ചാല്‍ ട്രംപിന് പുറത്തുപോകേണ്ടി വരും. എന്നാല്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്ക് പാര്‍ട്ടിക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ട്രംപിനനുകൂലമായ വിധിക്കാണ് കൂടുതല്‍ സാധ്യത.

സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകള്‍ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കന്‍ സംഘം രൂപകല്‍പ്പന ചെയ്തതെന്നാണ് സൂചന. കഴിഞ്ഞ മാസം പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായതിനെ തുടര്‍ന്നാണ് വിചാരണ നടപടി സെനറ്റില്‍ തുടക്കമായത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ 197നെതിരെ 230 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

മുന്‍ യുഎസ് വൈസ് പ്രസിഡന്റും 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ പ്രധാന എതിരാളിയുമായ ജോ ബൈഡനെതിരെ കേസെടുക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഡോണള്‍ഡ് ട്രംപിനെതിരായ ആരോപണം. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ആന്‍ഡ്രൂ ജോണ്‍സനും ശേഷം ഇംപീച്ച്മെന്റ് നേരിടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ട്രംപ്..
Adjust Story Font
16

