പൌരത്വ നിയമ ഭേദഗതി; യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നീട്ടിവെച്ചു
മാര്‍ച്ച് മാസത്തേക്കാണ് നടപടികള്‍ നീട്ടിയത്. വോട്ടെടുപ്പ് നീട്ടിയത് ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു

ഇന്ത്യയില്‍ നടപ്പിലാക്കിയ പൌരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നീട്ടിവെച്ചു. മാര്‍ച്ച് മാസത്തേക്കാണ് നടപടികള്‍ നീട്ടിയത്. വോട്ടെടുപ്പ് നീട്ടിയത് ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്യാനിരിക്കെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിശദീകരണത്തിന് ശേഷം തുടര്‍ നടപടികള്‍ മതിയെന്നാണ് ധാരണയെന്നാണ് സൂചന.
പൌരത്വ നിയമ ഭേദഗതിക്കെതിരെ ആറ് പാര്‍ട്ടികള്‍ തയ്യാറാക്കിയ പ്രമേയം സംയുക്തമായാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്ലീനറി സെഷന്റെ പരിഗണനക്ക് വന്നത്. പൌരത്വ നിയമ ഭേദഗതി വിവേചന പൂര്‍ണമുള്ളതാണെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്നതുമാണെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്നതിനെതിരെ ഇന്ത്യ സൌഹൃദ രാഷ്ട്രങ്ങള്‍ വഴി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ സമ്മര്‍ദ്ദഫലമായാണ് പ്രമേയം ചര്‍ച്ച ചെയ്യുന്നത് നീട്ടിയെന്നതാണ് സൂചന. അതേസമയം മാര്‍ച്ചില്‍ ചേരുന്ന സമ്മേളനത്തിന്റെ പരിഗണനയിലേക്ക് പ്രമേയം നീട്ടിയതിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രസ്താവനയില്‍ പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ല. മാര്‍ച്ച് മധ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ എത്തും. പൌരത്വ നിയമഭേദഗതി സംബന്ധിച്ച ജയ്ശങ്കറിന്റെ പ്രസ്താവനക്ക് ശേഷം ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാ കൌണ്‍സിലര്‍മാരുടെ നിലപാട്.
സി.എ.എ ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും അതിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന് ശ്രമങ്ങളും പ്രമേയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കര്‍ഫ്യു പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. യു പി.യിലെ സംഭവങ്ങളും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ വില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുന്നതില്‍ നാല് പേര്‍ ഇന്ത്യ കശ്മീര്‍ സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ചുവരുത്തിയ വിദേശ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണ്.
Adjust Story Font
16

