Quantcast

ഫേസ്ബുക്കില്‍ താന്‍ ഒന്നാമന്‍, മോദി രണ്ടാമത് മാത്രമെന്ന് ട്രംപ്; സത്യമെന്ത് ?

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഫെബ്രുവരി 24, 25 തീയതികളിൽ ഇന്ത്യയില്‍ സന്ദർശനം നടത്തും.   

MediaOne Logo

Web Desk

  • Published:

    16 Feb 2020 9:29 AM IST

ഫേസ്ബുക്കില്‍ താന്‍ ഒന്നാമന്‍, മോദി രണ്ടാമത് മാത്രമെന്ന് ട്രംപ്; സത്യമെന്ത് ?
X

ജനപ്രീതിയുടെ കാര്യത്തില്‍ ഫേസ്ബുക്കില്‍ താന്‍ ഒന്നാം സ്ഥാനത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം സ്ഥാനത്തുമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപിന്റെ ഈ പരാമര്‍ശം. ജനപ്രീതിയില്‍ ഫേസ്ബുക്ക് തനിക്ക് ഒന്നാം സ്ഥാനം നല്‍കിയത് വലിയ അംഗീകാരമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഫെബ്രുവരി 24, 25 തീയതികളിൽ ഇന്ത്യയില്‍ സന്ദർശനം നടത്തും.

സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാർക്ക് സക്കർബർഗിന്റെ പരാമർശം ഉദ്ധരിച്ചാണ് ഫേസ്ബുക്കിൽ താന്‍ ഒന്നാം സ്ഥാനത്താണെന്ന് ട്രംപ് അവകാശപ്പെട്ടത്. ട്വിറ്ററിലൂടെ ആയിരുന്നു ട്രംപിന്റെ ഈ അവകാശവാദം. “ഇത് വലിയൊരു അംഗീകാരമായി ഞാന്‍ കരുതുന്നു. മാർക്ക് സക്കർബർഗ് അടുത്തിടെ പറഞ്ഞതനുസരിച്ച് “ ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്. “ ഞാൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലേക്ക് പോകാനിരിക്കുകയാണ്. അതിനായുള്ള കാത്തിരിപ്പിലാണ്!” ട്രംപ് ട്വീറ്റ് ചെയ്തു.

ഫേസ്ബുക്കിലെ ജനപ്രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ഒന്നാം സ്ഥാനത്തും പ്രധാനമന്ത്രി മോദി രണ്ടാം സ്ഥാനത്തുമാണെന്ന് ട്രംപ് അവകാശപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി സി‌.എൻ.‌ബി‌.സി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു: “ഞാൻ ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്താണ്, ആരാണ് നമ്പർ 2 എന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിൽ നിന്നുള്ള മോദി”. യഥാര്‍ഥത്തില്‍ ഫേസ്ബുക്കില്‍ ട്രംപിന്റെ ഔദ്യോഗിക പേജിന് 27 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് എന്ന പേജിന് 3.1 ദശലക്ഷം ഫോളോവേഴ്സും. ഇതേസമയം, മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 44 ദശലക്ഷം ഫോളോവേഴ്സുണ്ട്. എന്നാല്‍ ട്വിറ്ററില്‍ 72.5 ദശലക്ഷം ഫോളോവേഴ്സാണ് ട്രംപിനുള്ളത്. മോദിക്കാണെങ്കില്‍ 53 ദശലക്ഷം ഫോളോവേഴ്സും.

ഇന്ത്യ സന്ദർശന വേളയിൽ ട്രംപ് ന്യൂഡൽഹിക്ക് പുറമേ അഹമ്മദാബാദും സന്ദർശിക്കും. മോദിക്കൊപ്പം ട്രംപ് സംയുക്ത പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയില്‍ ട്രംപിന് ലക്ഷക്കണക്കിന് ജനങ്ങള്‍ സ്വീകരണമൊരുക്കുമെന്ന് മോദി പറഞ്ഞതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു.

TAGS :

Next Story