Quantcast

ലോകം കൊവിഡ് 19 ഭീതിയില്‍: മരിച്ചവരുടെ എണ്ണം 3100 കവിഞ്ഞു

രോഗബാധിതരുടെ എണ്ണം 92000 കടന്നു. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്, 77 മരണം. ഇറ്റലിയില്‍ 52 പേരും സൌത്ത് കൊറിയയില്‍ 31 പേരും മരിച്ചു.

MediaOne Logo

Web Desk

  • Published:

    4 March 2020 6:53 AM IST

ലോകം കൊവിഡ് 19 ഭീതിയില്‍:  മരിച്ചവരുടെ എണ്ണം 3100 കവിഞ്ഞു
X

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3135 ആയി. രോഗികളുടെ എണ്ണം 92,000 കടന്നു. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്, 77 മരണം. ഇറ്റലിയില്‍ 52 പേരും സൌത്ത് കൊറിയയില്‍ 31 പേരും മരിച്ചു.

ചൈനയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2943 ആയി ഉയര്‍ന്നു. അമേരിക്കയിൽ മരണം 9 ആയി ഉയർന്നു. ഇറാനിലും വിവിധ ഗൾഫ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

ചൈനയിൽ രോഗവ്യാപ്തി കുറഞ്ഞപ്പോൾ ലോകത്തെ അറുപതിലേറെ രാജ്യങ്ങളിൽ കോവിഡ് 19 വലിയ ഭീതി പടർത്തി വ്യാപിക്കുകയാണ്. അടുത്ത രണ്ടാഴ്ചക്കാലം രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.

അമേരിക്കയിൽ മരണം 9 ആയതോടെ നിയന്ത്രണം കർശനമാക്കി. പല യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ മരണ സംഖ്യ 70 കടന്നു. രണ്ടായിരം പേരാണ് ചികിൽസയിലുള്ളത്. ശുചിത്വ നടപടികൾക്കും മറ്റുമായി മൂന്ന് ലക്ഷം സൈനികരുടെ സേവനം ഇറാൻ പ്രയോജനപ്പെടുത്തും. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 54,000 തടവുകാരെ തൽക്കാലം മോചിപ്പിക്കാനും ഇറാൻ തീരുമാനിച്ചു.

അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടാതെ ഇന്ത്യ ഉൾപ്പെടെ കോവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് കുവൈത്ത്. ഈ മാസം എട്ടു മുതലാണ് നടപടി പ്രാബല്യത്തിൽ വരിക. സ്ഥിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മറ്റു ഗൾഫ് രാജ്യങ്ങളും അറിയിച്ചു. എണ്ണ വിലയിടിവിന്റെ സാഹചര്യത്തിൽ പ്രതിദിന ഉൽപാദനം ദശലക്ഷം ബാരൽ കണ്ട് കുറക്കാനുള്ള തീരുമാനം നാളെ വിയന്നയിൽ ചേരുന്ന ഒപെക് യോഗം കൈക്കൊള്ളും. ഇന്ത്യൻ രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളുടെ മൂല്യം കുത്തനെ ഇടിയുന്ന പ്രവണതയും തുടരുകയാണ്.

TAGS :

Next Story