ഒന്നു മധുവിധു ആഘോഷിക്കാന്‍ പോയതാ... കൊറോണ കാരണം ഇപ്പോള്‍ വിമാനത്താവളത്തിലായി ഊണും ഉറക്കവും
കൊറോണ വൈറസ് കാരണം റഷ്യയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് ആന്റണിന് വിനയായത്.

മധുവിധു ആഘോഷിക്കാന്‍ പോയത് ഇത്ര വലിയ വിനയാകുമെന്ന് യുക്രൈന്‍ സ്വദേശിയായ ആന്റണ്‍ ഷെര്‍ബിനയും ഭാര്യയും കരുതിയില്ല. കോവിഡ് 19 കാരണം മോസ്കോ വിമാനത്താവളത്തില്‍ കിടന്നുറങ്ങേണ്ട അവസ്ഥയായി ആന്റണിന്. കൊറോണ വൈറസ് കാരണം റഷ്യയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് ആന്റണിന് വിനയായത്.
മോസ്കോയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് യുക്രൈന്‍ സ്വദേശിയായ ആന്റണ്‍. റഷ്യക്കാരിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായി ഇവര്‍ മാര്‍ച്ച് 10നാണ് മോണ്ടനോഗ്രോയിലേക്ക് വണ്ടി കയറിയത്. അപ്പോള്‍ റഷ്യയില്‍ കോവിഡ് ഭീഷണിയില്ലായിരുന്നു. എന്നാല്‍ 20 ന് മടങ്ങിയെത്തിയപ്പോഴേക്കും സ്ഥിതി ആകെ മാറി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 1 വരെ റഷ്യ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതാണ് ആന്റണിനെ വിമാനത്താവളത്തില്‍ കുടുക്കിയത്.
ഇതോടെ മോസ്കോ വിമാനത്താവളത്തില്‍ തങ്ങേണ്ട അവസ്ഥയായി ആന്റണിന്. ഭാര്യ റഷ്യക്കാരിയായതുകൊണ്ട് മോസ്കോയിലുള്ള വീട്ടിലേക്കും പോയി. തിരികെ സ്വദേശമായ യുക്രൈനിലേക്ക് മടങ്ങാമെന്ന് വച്ചാലും രക്ഷയില്ല. ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതാണ് കാരണം. ഷെര്‍ബിനയെ വിമാനത്താവളത്തില്‍ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് അനുമതിയുമില്ല. ഇപ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷാ സെക്യൂരിറ്റി മേഖലയിലാണ് ആന്റണിന്റെ ഊണും ഉറക്കവും.
വിമാനത്താവളത്തിലെ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് കിടക്കയാക്കി അവിടെയാണ് ഉറക്കം. വിമാനക്കമ്പനി നല്‍കുന്ന ഭക്ഷണം കഴിക്കുന്നു. ഇതിനിടയില്‍ പോക്കറ്റ് കാലിയാകുന്നുമുണ്ട്. ''റഷ്യന്‍ ജയിലുകളെക്കാള്‍ സ്ഥിതി മെച്ചപ്പെട്ടതാണ്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശവും'' 31 കാരനായ ആന്റണ്‍ സ്കൈപ്പിലൂടെ റോയ്ട്ടേഴ്സിനോട് പറഞ്ഞു.
“ പണം സമ്പാദിക്കാനുള്ള വഴികളെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. എനിക്ക് കൂടുതൽ ദിവസം ഇവിടെ താമസിക്കേണ്ടിവന്നാൽ, ഞാനെന്ത് ചെയ്യും. ഇവിടെയുള്ള മറ്റു പലരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട്..ആന്റണ്‍ ഷെര്‍ബിന പറയുന്നു. എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ജീവനക്കാര്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
ഉസ്ബെക്കിസ്ഥാന്‍,കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ ഫ്ലൈറ്റുകള്‍ റദ്ദാക്കിയതുമൂലം മോസ്കോ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ സ്വദേശത്തേക്ക് രക്ഷപ്പെടുന്നുമുണ്ട്.റഷ്യയില്‍ ഇതുവരെ 658 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Adjust Story Font
16

