Quantcast

മറ്റുള്ളവരിലേക്ക് രോഗം പകരുമോ എന്ന് ഭയന്ന് കോവിഡ് ബാധിതയായ നഴ്സ് ആത്മഹത്യ ചെയ്തു

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ട്രസി ജോലി ചെയ്തിരുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2020 9:18 PM IST

മറ്റുള്ളവരിലേക്ക് രോഗം പകരുമോ എന്ന് ഭയന്ന് കോവിഡ് ബാധിതയായ നഴ്സ് ആത്മഹത്യ ചെയ്തു
X

തന്നിലൂടെ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കുമോ എന്ന ഭീതിയില്‍ കോവിഡ് 19 ബാധിച്ച നഴ്സ് ഇറ്റലിയില്‍ ആത്മഹത്യ ചെയ്തു. വടക്കന്‍ ഇറ്റലിയിലെ ലൊമ്പാര്‍ഡിയ, മൊണ്‍സ നഗരത്തിലെ സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ നഴ്സായ ഡാനിയേല ട്രസിയാണ്(34) ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ട്രസി ജോലി ചെയ്തിരുന്നത്. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സ്ഥലമാണ് ലൊമ്പാര്‍ഡിയ.

കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ട്രസി വളരെയധികം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും തന്നിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരുമോ എന്ന് ഭയന്നിരുന്നതായും നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്സസ് ഇറ്റലിയുടപ്രസ്താവനയെ ഉദ്ധരിച്ച് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.''ഓരോ നഴ്സും ഈ ജോലി തെരഞ്ഞെടുത്തത് നല്ല ലക്ഷ്യത്തോടെയാണ്, എന്നാല്‍ ചിലപ്പോള്‍ മോശം അവസ്ഥകളെയും നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരും. കാരണം നമ്മള്‍ നഴ്സുമാരാണ്'' ഫെഡറേഷന്‍ പറയുന്നു.

മാർച്ച് 10 മുതൽ ട്രെസി വീട്ടിലായിരുന്നുവെന്നും നിരീക്ഷണത്തിലായിരുന്നില്ലെന്നും ആശുപത്രി ജനറൽ മാനേജർ മരിയോ അൽപറോൺ പറഞ്ഞു.ട്രെസിയുടെ മരണത്തിൽ ജുഡീഷ്യൽ അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വെനീസില്‍ ഇക്കാരണം കൊണ്ട് ഒരാള്‍ ആത്മഹത്യ ചെയ്തതായും ഫെഡറേഷന്‍ വ്യക്തമാക്കി. രാജ്യത്തെ 5,670 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഒരു ഇറ്റാലിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. എന്നാല്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഇത് 8 ശതമാനമേ വരൂ. ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ സുരക്ഷിതരാക്കുക എന്നതിനാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോണ്ടെ പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വളരെ പരിമിതമായ മെഡിക്കല്‍ സൌകര്യങ്ങളാണ് ലൊമ്പാര്‍‌ഡിയയിലുള്ളത്.

TAGS :

Next Story