കോവിഡൊന്നും ഈ ബേക്കറിക്കാരന്റെ കച്ചവടത്തെ ബാധിച്ചിട്ടില്ല; ‘ടോയ്‍ലറ്റ് പേപ്പറു’കള്‍ കേക്കുകളാക്കി ബിസിനസ് പൊടിപൊടിക്കുകയാണ്
പക്ഷെ ഈ പേപ്പറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ടോയ്‍ലറ്റ് പേപ്പറിന്റെ രൂപത്തിലുള്ള കേക്കുകളാണ് ബേക്കര്‍ വില്‍ക്കുന്നത്

കോവിഡ് 19 മനുഷ്യ ജീവനെ മാത്രമല്ല, മനുഷ്യന്റെ ഉപജീവനത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ പലര്‍ക്കും ബിസിനസ് കൂട്ടിക്കെട്ടി വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ്. എന്നാല്‍ ഈ സാഹചര്യത്തിലും ജര്‍മ്മനിയിലുള്ള ഒരു ബേക്കറിക്കാരന്റെ കച്ചവടം മാത്രം തകൃതിയായി നടക്കുന്നുണ്ട്. കാരണം കക്ഷി വില്‍ക്കുന്നത് ടോയ്‍ലറ്റ് പേപ്പറാണ്. പക്ഷെ ഈ പേപ്പറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ടോയ്‍ലറ്റ് പേപ്പറിന്റെ രൂപത്തിലുള്ള കേക്കുകളാണ് ബേക്കര്‍ വില്‍ക്കുന്നത്.
ജർമ്മനിയിലെ ഡോർട്മുണ്ടിലെ ഷൊറെനർ ബാക്ക്പാരഡീസിന്റെ ഉടമ ടിം കോർട്ടമാണ് (36) ഇത്തരത്തില്‍ കേക്കുകള്‍ ഉണ്ടാക്കി ലാഭം കൊയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയില്‍ വന്‍തോതില്‍ ടോയ്‍ലറ്റ് പേപ്പറുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് പേപ്പറുകളുടെ രൂപത്തില്‍ കേക്കുണ്ടാക്കിക്കൂടാ എന്ന 'കാഞ്ഞ' ബുദ്ധി ടിമ്മിന്റെ തലയില്‍ ഉദിച്ചത്. കോവിഡ് പടര്‍ന്നപ്പോള്‍ ടിമ്മിന്റെ ബേക്കറിയില്‍ കച്ചവടം കുറഞ്ഞു. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ചടങ്ങുകളും മറ്റും കുറഞ്ഞതോടെ വെഡ്ഡിംഗ് കേക്കുകള്‍, സാന്‍ഡ് വിച്ചുകള്‍ തുടങ്ങിയവ ആരും വാങ്ങാതെയായി. ബേക്കറി പൂട്ടിയാലോ എന്നാലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യം ടോയ്‍ലറ്റ് പേപ്പറുകളുടെ രൂപത്തില്‍ വന്നത്. പേപ്പറുകളുടെ രൂപത്തിലുള്ള മാര്‍ബിള്‍ കേക്കുകള്‍ ചൂടപ്പം പോലെ വില്‍ക്കാന്‍ തുടങ്ങി.
കേക്കുകളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ കേക്കുകളുടെ ജനപ്രീതി വര്‍ദ്ധിച്ചു. ഓര്‍ഡറുകളും കൂടി. ഇപ്പോള്‍ സ്മൈലിയുടെ രൂപത്തില്‍ മാസ്ക് വച്ച കേക്കുകളും ടിം ഉണ്ടാക്കുന്നുണ്ട്. എന്നാലും ബേക്കറിക്കുണ്ടായ നഷ്ടം നികത്താന്‍ ഇവ കൊണ്ടൊന്നും സാധിക്കില്ലെന്നാണ് ടിം പറയുന്നത്. നാല്‍പതിലധികം പേര്‍ ടിമ്മിന്റെ ബേക്കറിയില്‍ ജോലി ചെയ്യുന്നുണ്ട്.
കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുതലാണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ മരണത്തിന്റെ തോത് കുറവാണ്. 39,000 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 222 പേരാണ് കോവിഡ് ബാധിച്ച് ജര്‍മ്മനിയില്‍ മരിച്ചത്. യൂറോപ്പില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ജര്‍മ്മനി മൂന്നാം സ്ഥാനത്താണ്. ഇറ്റലിയും സ്പെയിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.sd
Adjust Story Font
16

