അമേരിക്കയില്‍ കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
മരണകാരണം സ്ഥിരീകരിക്കാനായി അന്വേഷണം നടത്തുമെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ വ്യക്തമാക്കി

അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു.അമേരിക്കയിലെ ഇല്ലിനോയ്സിൽ നിന്നുമാണ് കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വേദനിപ്പിക്കുന്ന മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനത്തിന് ശേഷം കോവിഡുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് ഒരു കുഞ്ഞ് മരിക്കുന്നത്. ചിക്കാഗോയിൽ വച്ച് മരണമടഞ്ഞ കുഞ്ഞിന് ഒരു വയസിനു താഴെ മാത്രമായിരുന്നു പ്രായമെന്നും കോവിഡ് –19 സ്ഥിരീകരിച്ചിരുന്നതായും പൊതുജനാരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. മരണകാരണം സ്ഥിരീകരിക്കാനായി അന്വേഷണം നടത്തുമെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ വ്യക്തമാക്കി.
കുഞ്ഞിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് ഗവർണർ ജെബി പ്രിഡ്സ്കർ പറഞ്ഞു. ഈ മരണം എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് എനിക്കറിയാം. അതൊരു പിഞ്ചുകുഞ്ഞായിരുന്നു. ആ കുഞ്ഞിന്റെ കുടുംബത്തിന് ഈ ദുഃഖം ഒരിക്കലും താങ്ങാന്‍ കഴിയില്ല...പ്രിഡ്സ്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച പാരീസില്‍ ഒരു പതിനാറുകാരി കോവിഡ് ബാധിച്ച് മരിച്ചതായി ഫ്രഞ്ച് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ജെറോം സോളമന്‍ അറിയിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ പത്തൊന്‍പതുകാരനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. 120,000 പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 2000 കടന്നിരിക്കുകയാണ്. ഇല്ലിനോയ്സിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Adjust Story Font
16

