Quantcast

പ്രിയപ്പെട്ട തെരുവ് പൂച്ചകളെ മറക്കാതെ തുര്‍ക്കി; ഭക്ഷണം ഉറപ്പാക്കുമെന്ന് ഭരണകൂടം

ഔദ്യോഗികമായി തുർക്കിയിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    9 April 2020 8:04 PM IST

പ്രിയപ്പെട്ട തെരുവ് പൂച്ചകളെ മറക്കാതെ തുര്‍ക്കി; ഭക്ഷണം ഉറപ്പാക്കുമെന്ന് ഭരണകൂടം
X

കോവിഡ് പ്രതിസന്ധിയില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പ്രാദേശിക നേതൃത്വത്തോട് നിര്‍ദേശിച്ച് തുര്‍ക്കി ഭരണകൂടം. തെരുവ് മൃഗങ്ങളോട്, പ്രത്യേകമായി പൂച്ചകളോട് വളരെയധികം സ്നേഹം കാണിക്കുന്ന രാജ്യമാണ് തുര്‍ക്കി. അത് കൊണ്ട് തന്നെ സാധാരണഗതിയില്‍ തെരുവ് മൃഗങ്ങള്‍ക്ക് വളരെയധികം ഭക്ഷണം ലഭിക്കുന്ന സാഹചര്യമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തെരുവ് മൃഗങ്ങളുടെ ഭക്ഷണകാര്യം ആശങ്കയിലായതോടെയാണ് ഭരണകൂടം ഇടപെട്ടത്. മൃഗ സ്നേഹികളുടെ തുടരെയുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം.

ഔദ്യോഗികമായി തുർക്കിയിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. 65 വയസ്സിന് മുകളിലുള്ളവരും 20 വയസ്സിന് താഴെയുള്ള കര്‍ശനമായി വീട്ടിൽ തന്നെ താമസിക്കാൻ ഉത്തരവുണ്ട്.

തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കാന്‍ പ്രാദേശിക നേതൃത്വത്തോട് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ മൃഗങ്ങളുമായ് ഇടപെടുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ കൂടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ നിര്‍ദേശം. പാർക്കുകള്‍, ഗാര്‍ഡനുകള്‍, മൃഗസംരക്ഷണ കേന്ദ്രങ്ങൾ എന്നിവടങ്ങളില്‍ മൃഗങ്ങള്‍ക്കായ് ഭക്ഷണവും വെള്ളവും എത്തിച്ച് കൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പൂച്ചയോടുള്ള സ്നേഹത്തിന് പേര് കേട്ട രാജ്യമാണ് തുര്‍ക്കി. പൂച്ചകളെ വളരെയധികം പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന തുര്‍ക്കിയില്‍ പരമ്പരാഗതമായി പ്രദേശവാസികൾ തന്നെയാണ് അവരുടെ ചുറ്റുപാടുമുള്ള പൂച്ചകള്‍ക്കും മറ്റ് തെരുവ് മൃഗങ്ങള്‍ക്കും ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്നത്.

TAGS :

Next Story