Quantcast

ചൈനീസ് മാസ്‌കുകളും കോവിഡ് പരിശോധനാ കിറ്റുകളും രാജ്യങ്ങള്‍ തിരിച്ചയക്കുന്നു

സ്‌പെയിന്‍, നെതര്‍ലണ്ട്‌സ്, തുര്‍ക്കി, ആസ്‌ട്രേലിയ, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത മാസ്‌കുകളും പരിശോധനാ കിറ്റുകളും നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    10 April 2020 10:08 AM IST

ചൈനീസ് മാസ്‌കുകളും കോവിഡ് പരിശോധനാ കിറ്റുകളും രാജ്യങ്ങള്‍ തിരിച്ചയക്കുന്നു
X

ഇന്ന് ലോകത്ത് ഏറ്റവും ആവശ്യമുള്ള വസ്തുക്കളായി മാസ്‌കും പി.പി.ഇ കിറ്റും അടക്കമുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കോവിഡ് പരിശോധനാ കിറ്റും മാറിയിട്ടുണ്ട്. ഏതാണ്ട് എല്ലാ രാജ്യങ്ങളും കൂടുതലായിവേണ്ട മാസ്‌കിനും മറ്റും ആശ്രയിക്കുന്നത് ചൈനയേയാണ്. ലക്ഷക്കണക്കിന് മാസ്‌കുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോള്‍ തന്നെ ചൈനീസ് മാസ്‌കുകള്‍ക്കും പരിശോധനാ കിറ്റുകള്‍ക്കും നിലവാരമില്ലെന്ന പരാതിയുമായി ചില രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ചൈനയെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്ന അവസാനത്തെ രാജ്യമാണ് ഫിന്‍ലാന്റ്. തങ്ങള്‍ ആവശ്യപ്പെട്ട നിലവാരത്തിലുള്ള മാസ്‌കുകളല്ല അയച്ചു തന്നതെന്ന് ഫിന്‍ലാന്റ് അധികൃതര്‍ തുറന്നു പറഞ്ഞു. ചൈനയില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ച് ആദ്യഘട്ടത്തില്‍ 20 ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 2.30ലക്ഷം റെസ്പിറേറ്ററി മാസ്‌കുകളുമാണ് ഫിന്‍ലന്റിലെത്തിയത്. എന്നാല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കാനുള്ള നിലവാരം ഈ മാസ്‌കുകള്‍ക്കില്ലെന്നാണ് ഫിന്‍ലാന്റിന്റെ ആരോപണം.

തങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍0 വീടുകളിലെ ഉപയോഗങ്ങള്‍ക്കും മറ്റുമായി ഈ മാസ്‌ക് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടി വരുമെന്നാണ് ഫിന്‍ലാന്റ് ആരോഗ്യമന്ത്രി അയ്‌നോ കെയ്‌സ പീകോനെന്‍ അറിയിച്ചത്.

പ്രതിദിനം അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും അരലക്ഷം റെസ്പിറേറ്ററി മാസ്‌കുകളും ആവശ്യമുള്ള രാജ്യമാണ് ഫിന്‍ലാന്റ്. രണ്ട് ലക്ഷത്തോളം മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ മൂന്ന് പ്രാദേശിക കമ്പനികളെ ഫിന്‍ലാന്റ് സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ണ്ണ സജ്ജമാകാന്‍ ഏതാണ്ട് ഒരുമാസമെടുക്കുമെന്നതാണ് അവരെ മാസ്‌കുകളുടെ കാര്യത്തില്‍ ഇറക്കുമതിയെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചത്.

നേരത്തെ സ്‌പെയിന്‍, നെതര്‍ലണ്ട്‌സ്, തുര്‍ക്കി, ആസ്‌ട്രേലിയ തുടങ്ങി രാജ്യങ്ങള്‍ ചൈനീസ് മാസ്‌കുകള്‍ തിരിച്ചയച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന് ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തേണ്ടിവന്നു. നെതര്‍ലണ്ട്‌സിലേക്ക് അയച്ച മാസ്‌കുകള്‍ ശസ്ത്രക്രിയേതര വിഭാഗത്തില്‍ പെട്ടതാണെന്നും ഇക്കാര്യം അതില്‍ വ്യക്തമായി കുറിച്ചിട്ടുണ്ടെന്നുമാണ് ചൈന നല്‍കിയ വിശദീകരണം.

കാനഡയിലെ നഗരമായ ടൊറന്റോയില്‍ നിന്നും 62000 മാസ്‌കുകളാണ് നിലവാരമില്ലെന്ന് കണ്ട് ചൈനയിലേക്ക് തിരിച്ചയച്ചത്. ഏതാണ്ട് രണ്ട് ലക്ഷം ഡോളര്‍(ഏതാണ്ട് ഒന്നര കോടിരൂപ) മുടക്കിയാണ് ഇത്രയും മാസ്‌കുകള്‍ ഇറക്കുമതി ചെയ്തിരുന്നത്.

കോവിഡ് പരിശോധനാ കിറ്റുകളുടെ കാര്യത്തിലാണ് സ്‌പെയിന് പരാതിയുള്ളത്. 3.40 ലക്ഷം പരിശോധനാ കിറ്റുകളാണ് സ്‌പെയിന്‍ ചൈനയില്‍ നിന്നും ഇറക്കുമതിചെയ്തിരുന്നത്. ഇതില്‍ 60000 എണ്ണവും ഉപയോഗശൂന്യമാണെന്നാണ് സ്പാനിഷ് സര്‍ക്കാരിന്റെ ആരോപണം. സ്‌പെയിന്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ഷെന്‍സെന്‍ ബയോഈസി ബയോടെക്‌നോളജി എന്ന കമ്പനിക്ക് ചൈനീസ് മെഡിക്കല്‍ അതോറിറ്റിയുടെ ലൈസന്‍സില്ലെന്നാണ് ചൈനയുടെ ഈ വിഷയത്തിലെ വിശദീകരണം.

ആറ് ലക്ഷം മാസ്‌കുകളാണ് നെതര്‍ലണ്ട്‌സ് ചൈനയിലേക്ക് തിരിച്ചയച്ചത്. അവശ്യം വേണ്ട നിലവാരമില്ലെന്ന് കാണിച്ചായിരുന്നു ഡച്ച് സര്‍ക്കാരിന്റെ നടപടി. ഈ മാസ്‌കുകള്‍ക്ക് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമുണ്ടായിരുന്നു. ചൈനീസ് കോവിഡ് പരിശോധന കിറ്റുകളില്‍ 3.50 ലക്ഷം നിലവാരമില്ലാത്തതാണെന്ന് കാണിച്ച് തുര്‍ക്കിയും തിരിച്ചയച്ചിട്ടുണ്ട്.

TAGS :

Next Story